ശാസ്ത്രലോകത്തെ മഹാപ്രതിഭ.കുട്ടിക്കാലത്ത് മന്ദബുദ്ധിയാണോ എന്ന് സംശയിച്ച ഐൻസ്റ്റീൻ പ്രപഞ്ച മുറ്റത്ത് ശാസ്ത്രഭാവനകളുമായി
കളിച്ചു രസിച്ചു. അദ്ദേഹം ശാസ്ത്രലോകത്തിന് സംഭാവന ചെയ്ത ആപേക്ഷികതാ സിദ്ധാന്തത്തിന് നൂറ്റിനാല് വയസ്.
നോബൽസമ്മാനവും ആദ്യ ഭാര്യയും
സഹപാഠിയായമിലേവാ മാരിഷിനെയാണ് ഐൻസ്റ്റീൻ വിവാഹം കഴിച്ചത്. തന്റെ സിദ്ധാന്തങ്ങളുമായി ജീവിച്ച ഐൻസ്റ്റീൻ വീട്ടിലെ കഷ്ടപ്പാടുകളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഗവേഷണത്തോടു ഗവേഷണം. കിട്ടുന്ന തുച്ഛമായ ശമ്പളം മിലേവയെ ഏല്പിക്കും.
അതുകൊണ്ട് വീട്ടുകാര്യങ്ങൾ നടത്താൻ മിലേവ പാടുപെട്ടു. ആശയപരമായും ഈ ദമ്പതികൾ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. ജർമ്മനിയോട് രണ്ടുപേർക്കും വെറുപ്പായിരുന്നെങ്കിലും ജർമ്മനിയിലെ പ്രശസ്തമായ വില്യം കൈസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ സമയ ഗവേഷണ ജോലി വാഗ്ദാനം ചെയ്തപ്പോൾ ഐൻസ്റ്റീൻ അതു സ്വീകരിച്ചു. മക്കളുമായി താൻ ജർമ്മനിയിലേക്കില്ലെന്ന് മിലേവ പറഞ്ഞു. അതോടെ ഇരുവരും വേർപിരിഞ്ഞു. പിരിയാൻ നേരത്ത് ഐൻസ്റ്റീൻ പറഞ്ഞു:
''നാളെയൊരിക്കൽ എനിക്ക് നോബൽ സമ്മാനം കിട്ടുമ്പോൾ സ്വത്തെല്ലാം നിനക്കും മക്കൾക്കും നൽകും"". അതദ്ദേഹം പാലിക്കുകയുംചെയ്തു. നോബൽ സമ്മാനത്തുകയുടെ പകുതി രണ്ടാം ഭാര്യയായ എത്സയുടെ പൂർണ സമ്മതത്തോടെ ഐൻസ്റ്റീൻ മിലേവയ്ക്ക് നൽകി.
മന്ദബുദ്ധിയെന്ന് സംശയിച്ച പ്രതിഭ
കുട്ടിക്കാലത്ത് മറ്റു കുട്ടികളെപ്പോലെ കളികളിലൊന്നും ഐൻസ്റ്റീൻ താത്പര്യം കാണിച്ചിരുന്നില്ല. എവിടെയെങ്കിലും ഒറ്റയ്ക്കു ആലോചിച്ചിരിക്കും. ഒമ്പതു വയസായിട്ടും സംസാരം കുറവ്. മന്ദബുദ്ധിയാണോ എന്നു പോലും ചിലർ സംശയിച്ചു. അച്ഛനെയും അമ്മയെയും ഇതു വളരെയധികം വേദനിപ്പിച്ചിരുന്നു.
അഞ്ചാറുവയസുള്ളപ്പോൾ ഒരിക്കൽ ഐൻസ്റ്റീൻപനി പിടിച്ചു കിടക്കുകയായിരുന്നു. അന്നു അച്ഛൻ കടയിൽ നിന്നുവന്നപ്പോൾ ഒരു കൊച്ചു വടക്കുനോക്കിയന്ത്രം സമ്മാനമായി നൽകി. അതോടെ പനി പമ്പ കടന്നു. കൊച്ചു കണ്ണാടിപ്പെട്ടിയിൽ വടക്കോട്ട് തിരിഞ്ഞിരിക്കുന്ന കാന്തസൂചിയിൽ നോക്കി ആ ബാലൻ മണിക്കൂറുകളോളം ഇരുന്നു. അത്ഭുതങ്ങളുടെയും കൗതുകങ്ങളുടെയും ലോകത്ത് ഐൻസ്റ്റീനെ നയിച്ചതിൽ ആ സമ്മാനത്തിനും വലിയ പങ്കുണ്ട്.
മണ്ടൻ മാഷ് വിരട്ടി
ചെറിയ കാര്യങ്ങൾക്ക് പോലും സംശയം ചോദിക്കുന്ന പ്രകൃതമായിരുന്നു ഐൻസ്റ്റീന്. ജർമ്മനിയിൽ പ്രാഥമിക സ്കൂളിൽ സംശയം ചോദിക്കുന്ന കുട്ടിയെ മരമണ്ടനായി ചില അദ്ധ്യാപകർ കണ്ടു. ഒരിക്കൽ ക്ളാസിൽ സംശയം ചോദിച്ച ഐൻസ്റ്റീനെ അദ്ധ്യാപകൻ ശരിക്കും വിരട്ടി. ക്ളാസിന് ശേഷം തന്നെ വന്നു കാണാനും ആജ്ഞാപിച്ചു. പേടിച്ചുവിറച്ചു മുന്നിൽ വന്ന ഐൻസ്റ്റീനോട് ഇനി മേലാൽ സംശയം ചോദിക്കരുതെന്നും മണ്ടൻ മാഷ് താക്കീതു ചെയ്തു.
ഐൻസ്റ്റീൻ യഹൂദക്കുട്ടിയായിരുന്നതിനാൽ അദ്ധ്യാപകർ പലപ്പോഴും അവനെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തു. ജർമ്മനിയിൽ അക്കാലത്ത് യഹൂദരോട് വിദ്വേഷവും വൈരാഗ്യവും കത്തിത്തുടങ്ങിയിരുന്നു. എന്തിനും ഏതിനും സംശയം ചോദിക്കുന്ന കുട്ടി അദ്ധ്യാപകരുടെ നോട്ടപ്പുള്ളിയായിരുന്നു. തിരുമണ്ടനെന്ന് ചിലർ കളിയാക്കുകയും ചെയ്തു.
ഇരുപത്തിയാറാം വയസിൽ
ഐൻസ്റ്റീൻപ്രശസ്തിയുടെ കൊടുമുടിയിലെത്തുമ്പോൾ പ്രായം വെറും ഇരുപത്തിയാറ്. ലോകത്തെ വിസ്മയിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്ത ഗവേഷണങ്ങളിൽ ഭൂരിഭാഗവും അതിനുമുമ്പ് അദ്ദേഹം നടത്തിയതായിരുന്നെന്നറിയുമ്പോഴാണ് ദൈവം സമ്മാനിച്ച ആ ശിരസിനെ നാം നമിച്ചുപോകുന്നത്. ഭൗതിക ശാസ്ത്രത്തിന്റെ ചരിത്രത്തിൽത്തന്നെ ഇത്രയും ചെറുപ്രായത്തിൽ ബുദ്ധിശക്തി തെളിയിച്ച പ്രതിഭകൾ കുറവാണ്.
ന്യൂട്ടനും ഐൻസ്റ്റീനും
ഐസക് ന്യൂട്ടൻ പ്രശസ്തിയുടെ കൊടുമുടി കയറുന്നത് ഇരുപത്തി മൂന്നാം വയസിൽ. ഗുരുത്വാകർഷണ സിദ്ധാന്തം, പ്രകാശസിദ്ധാന്തം, ഗണിത ശാസ്ത്രത്തിലെ ബൈനോമീയൽ സിദ്ധാന്തം, കാൽക്കുലസ് എന്ന പുതിയ ഗണിത രീതി എന്നിവ ന്യൂട്ടൻ വികസിപ്പിച്ചെടുത്തത് ഈ പ്രായത്തിലാണ്. ഇരുപത്തിയേഴാമത്തെ വയസിൽ അദ്ദേഹം പ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയിൽ ഗണിതശാസ്ത്ര പ്രൊഫസറായി. ഇരുപത്തിയാറാമത്തെ വയസിൽ ഐൻസ്റ്റീൻ സൂറിച്ച് സർവകലാശാലയിൽ പ്രൊഫസറായി.
സ്വഭാവ സവിശേഷതകൾ
പാറിപ്പറക്കുന്ന തലമുടി,തിളങ്ങുന്ന കണ്ണുകൾ, തമാശ കലർന്ന സംസാരം, സംഗീതബോധം എന്നിവയാൽ ഐൻസ്റ്റീൻ ഏവരുടെയും പ്രീതിയും സ്നേഹവും നേടി. ഒരിക്കൽ ഐൻസ്റ്റീൻ സ്വന്തം ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചു ക്ളാസെടുക്കുമ്പോൾ കുറെ വിദ്യാർത്ഥികൾ ഒരു സംശയം ഉന്നയിച്ചു. 'സർ ആപേക്ഷികത എന്ന ആശയം കടുകട്ടി ഒന്നും പിടികിട്ടുന്നില്ല." ഐൻസ്റ്റീൻ ചിരിച്ചുകൊണ്ടു പറഞ്ഞു. ''നിങ്ങൾ ഒരു സുന്ദരിയോട് സംസാരിച്ചിരിക്കുമ്പോൾ ഒരു മണിക്കൂർ ഒരു മിനിറ്റായി തോന്നും. അതേസമയം ചൂടുള്ള അടുപ്പിൽ വിരൽ ഒരു മിനിട്ട് വച്ചാലോ. ആ ഒരു മിനിട്ട് ഒരു മണിക്കൂറായി തോന്നും. ഇത്രേയുള്ളൂ ആപേക്ഷികതാസിദ്ധാന്തവും."" ശാസ്ത്രത്തിലെ കടുകട്ടിയായ കാര്യങ്ങൾ പോലും രസകരമായി അവതരിപ്പിക്കാൻ ഐൻസ്റ്റീന് പ്രത്യേക സാമർത്ഥ്യമുണ്ടായിരുന്നു. ഐൻസ്റ്റീന് മൊസാർട്ടിന്റെ സംഗീതം വളരെ ഇഷ്ടമായിരുന്നു. വയലിൻ വായനയിലും മിടുക്കനായിരുന്നു.
സമവാക്യം
ഐൻസ്റ്റീൻ എന്നപേരുകേൾക്കുമ്പോൾത്തന്നെ വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും മനസിൽ ഓടിയെത്തുന്ന ഒരു സമവാക്യമുണ്ട് . മാസ് എനർജി സമവാക്യം.
E = mc 2
ഊർജ്ജം = പിണ്ഡം x പ്രകാശ വേഗത്തിന്റെ വർഗം. ദ്രവ്യവും ഊർജ്ജവും രണ്ടല്ല. അവ ഒരേ പ്രകൃതിയുടെ രണ്ടു രൂപങ്ങൾ മാത്രമാണ് എന്നതാണ് ഈ സമവാക്യത്തിന്റെ അടിസ്ഥാനം.
ഐൻസ്റ്റീൻ സിദ്ധാന്തമനുസരിച്ച് ചലിക്കുന്ന വസ്തുവിന്റെ നീളം, അതിന്റെ പിണ്ഡം, സമമായ ത്വരണം എന്നിവയെല്ലാം ആപേക്ഷികമാണ്.
നോബൽ സമ്മാനം
1921 ലാണ് ഐൻസ്റ്റീന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിനായിരുന്നില്ല അത്. പ്രകാശ വൈദ്യുത പ്രതിഭാസത്തിനാണ് ( ഫോട്ടോ ഇലക്ട്രിക് ഇഫക്ട് ) നോബൽ സമ്മാനം ലഭിച്ചത്. ഊർജ്ജം പാക്കറ്റുകളാണെങ്കിൽ പ്രകാശവും ഊർജ്ജത്തിന്റെ ഒരു രൂപം തന്നെയാണെങ്കിൽ, പ്രകാശവും പാക്കറ്റുകളായിരിക്കണമല്ലോ എന്ന് ഐൻസ്റ്റീൻ ചിന്തിച്ചു. ഭൗതിക ശാസ്ത്രത്തെ സംബന്ധിച്ച് വിപ്ളവകരമായ വഴിത്തിരിവായിരുന്നു ഈ ചിന്ത. പ്രകാശ പാക്കറ്റുകളെ ഐൻസ്റ്റീൻ ഫോട്ടോണുകൾ എന്നു വിളിച്ചു. ഇതിലൂടെ അദ്ദേഹം പ്രകാശ വൈദ്യുതസിദ്ധാന്തത്തെ വ്യാഖ്യാനിച്ചു.
ലോകത്തെ ഞെട്ടിച്ച കാര്യങ്ങൾ
വിശിഷ്ടാപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐൻസ്റ്റീൻ ഏഴു കാര്യങ്ങളിൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചു. അപേക്ഷികതാ സിദ്ധാന്തത്തിലെ പ്രധാന കണ്ടെത്തലുകളാണിവ.
1. എല്ലാ ചലനവും ആപേക്ഷികമാണ്. ചലനത്തിന് ഒരു ആധാരമുണ്ട്.
2. പ്രകാശവേഗം മാത്രമാണ്സ്ഥിരവും കേവലവും. പ്രകാശത്തിനാണ് ഏറ്റവും വേഗം.
3. ചലിക്കുന്നവേഗത്തിനനുസരിച്ച് ഒരു വസ്തുവിന്റെ പിണ്ഡം വർദ്ധിക്കുന്നു.
4.ഊർജ്ജവും ദ്രവ്യവും ഒന്നു തന്നെ.
5.രണ്ടു സംഭവങ്ങൾ നിരീക്ഷകന്റെ സ്ഥാനം, ചലനം എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
6. ദ്രവ്യത്തിൽ നിന്ന് സ്വതന്ത്രമായി വേറൊരു സ്ഥലമില്ല.
7. സമയവും ദ്രവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.