ലണ്ടൻ: ഇംഗ്ലണ്ടിൽ ജനനം, പഠിച്ചത് ഓക്സ്ഫോഡിൽ, പങ്കാളിയാക്കിയത് ഇന്ത്യക്കാരനെ, പോരാടിയത് ഇന്ത്യയ്ക്കുവേണ്ടി- ഫ്രെഡ ബേദിയെന്ന ബ്രിട്ടീഷുകാരി ഇന്ത്യൻ സ്വാതന്ത്ര്യ സമര നായികയായ കഥയിങ്ങനെ.
1930ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോഡിലെ പഠനകാലത്താണ് ബാബ പ്യാരി ലാൽ ബേദിയെന്ന ഇന്ത്യക്കാരനെ ഫ്രെഡ ആദ്യമായി കാണുന്നത്. ഓക്സോഫിലെ ഇടത് ചിന്തക സംഘത്തിൽ വച്ചായിരുന്നു പരിചയപ്പെടൽ. പതിയെ ആ സൗഹൃദം പ്രണയത്തിനു വഴിമാറി. ബ്രിട്ടനിൽ വച്ചു തന്നെ ഇരുവരും വിവാഹിതരായി.
അക്കാലത്ത് ഇന്ത്യൻ സഹപാഠിയെ ജീവിത പങ്കാളിയാക്കുന്ന ആദ്യ വിദേശ യുവതിയായി ഫ്രെഡ. 'വിചിത്ര"മായാണ് ഈ വിവാഹത്തെ പലരും കണ്ടത്. എന്നാൽ ഇന്ത്യൻ സംസ്കാരത്തോടും രീതികളോടും ഫ്രെഡ ഏറെ ആഭിമുഖ്യം പുലർത്തി. ഒരു വർഷത്തിനുശേഷം ജന്മനാടായ ബ്രിട്ടനിൽ നിന്ന് നാലുമാസം പ്രായമായ മകൻ രംഗയെയും കൂട്ടി ബേദി ദമ്പതികൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. മുംബയിലെത്തിയെങ്കിലും പ്യാരി ലാൽ കുടുംബസ്വത്തുക്കൾ വേണ്ടെന്നുവച്ച് അന്നത്തെ ലാഹോറിൽ അവർ വീടുവച്ചു. പിൽക്കാലത്ത് ബോളിവുഡിലെ അറിയപ്പെടുന്ന നടനായ കബീർ ബേദിക്കും സഹോദരി ഗുലിമ ബേദിക്കും ഫ്രെഡ ജന്മം നൽകിയത് ഇന്ത്യയിൽ വച്ചാണ്.
1939ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടനെ പിന്തുണച്ച ഇന്ത്യൻ നിലപാടിനെ തീവ്ര ഇടത് അനുഭാവിയായ ഫ്രെഡയും ഭർത്താവും നഖശിഖാന്തം എതിർത്തു. തന്റെ ജന്മദേശത്തിനെതിരെ ഇന്ത്യൻ മണ്ണിനുവേണ്ടി ഫ്രെഡ നിലകൊണ്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുംപിരിക്കൊണ്ട ആ കാലത്ത് ബ്രിട്ടനെതിരെയുള്ള സമരപോരാട്ടങ്ങളിൽ അവർ സജീവ പങ്കാളിയായി. ഗാന്ധിജിക്കൊപ്പം നിരവധി സത്യാഗ്രഹങ്ങളിൽ ഫ്രെഡ അണിനിരന്നു. വെള്ളക്കാർക്കെതിരെയുള്ള പോരാട്ടങ്ങളുടെ മുൻനിരയിലെ വെള്ളക്കാരിയെ പലരും ചോദ്യം ചെയ്തു. എന്നാൽ തന്നെ ഒരു ഇന്ത്യക്കാരിയായി കാണാൻ അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കുവേണ്ടി ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം കാശ്മീരിലേക്ക് പോയ ഫ്രെഡ തീവ്ര ഇടത് ആശയങ്ങൾ വച്ചു പുലർത്തിയ വനിതാ സംഘത്തിന്റെ സജീവ പ്രവർത്തകയായി. തീവ്ര ദേശീയ വാദികളുമൊത്ത് രാജ്യത്തിനായി പ്രവർത്തിച്ചു.
എന്നാൽ 1950 ഓടുകൂടി ഫ്രെഡയുടെ ജീവിതം നിർണായക വഴിത്തിരിവിലെത്തി. ബർമ്മയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ച ഇവർ ബുദ്ധമതം സ്വീകരിച്ചു. ടിബറ്റൻ ബുദ്ധമതം സ്വീകരിക്കുന്ന ആദ്യ പാശ്ചാത്യ വനിതയായിരുന്നു ഫ്രെഡ. ചൈനീസ് അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്കെത്തിയ ടിബറ്റൻ അഭയാർത്ഥികൾക്ക് ഇടമൊരുക്കി. ബുദ്ധമത പ്രചാരകയായി അറുപതാം വയസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചെങ്കിലും ഒരിക്കൽ പോലും ബ്രിട്ടനിലേക്ക് മടങ്ങിപ്പോയില്ല. 1977ൽ ഇന്ത്യയിൽ വച്ചാണ് ഫ്രെഡ എന്ന സമരനായിക ലോകത്തോട് വിടപറഞ്ഞത്.