ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവസാന മന്ത്രിസഭ യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഒരു ലക്ഷം കോടിയോളം ചിലവ് വരുന്ന പദ്ധതികളാണ് സർക്കാർ അംഗീകരിച്ചത്. കഴിഞ്ഞ മാസത്തെ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമെയാണിത്.
പുതിയ പദ്ധതികളും തുടർ പദ്ധതികളും ഉൾപ്പെടുന്നവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 33,690 കോടി രൂപ അടങ്കലുള്ള മുംബയ് സബർബൻ റെയിൽവേ വികസനം, 25,000 കോടി രൂപ ചെലവിൽ ഡൽഹി മെട്രോ നാലാം ഘട്ടം, ബിഹാറിലെ ബക്സറിൽ താപവൈദ്യുതി നിലയം (10,439 കോടി രൂപ), സിക്കിമിൽ തീസ്‌ത ജലവൈദ്യുതി നിലയം (5,748 കോടി), എയർ സ്ട്രിപ്പുകൾ (4,500 കോടി), എയ്ഡ്സ് നിയന്ത്രണം (6,435കോടി) കരിമ്പു കർഷകർക്കും പഞ്ചസാര മില്ലുകൾക്കും സഹായം (2,790 കോടി) തുടങ്ങിയവയാണ്.
പദ്ധതികളെല്ലാം ഇടക്കാല ബഡ്ജറ്റിന്റെ ഭാഗമല്ലെന്നു ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. എങ്കിലും പല പദ്ധതികളുടെയും തുടർച്ചയ്ക്കു മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പൂർണ ബഡ്ജറ്റിലും ഇവ ഉൾപ്പെടുത്തേണ്ടി വരും.