ramesh-chennithala

കോഴിക്കോട്: മാവോയിസ്റ്റ് ഭീഷണി തടയുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് കാലത്ത് ഒരു തുള്ളി രക്തം പോലും ചൊരിയാതെ മാവോയിസ്റ്റുകളുടെ പ്രവർത്തനം തടഞ്ഞു. മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയത് ഇപ്പോഴത്തെ സർക്കാറിനുണ്ടായ തന്ത്രപരമായ പാളിച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവോയിസ്റ്റ് നേതാക്കളായ ഷൈനി, രൂപേഷ് എന്നിവരെ കേരള-ആന്ധ്ര പൊലീസ് സംയുക്തമായാണ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്.

എല്ലാവരേയും കൊന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് സർക്കാർ കരുതുന്നുവെങ്കിൽ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തണ്ടർ ബോൾട്ട് പോലെ പരിശീലനം ലഭിച്ച സംഘത്തെ ഇതിനായി ഫലപ്രദമായി യു.ഡി.എഫ് സർക്കാർ ഉപയോഗിച്ചിരുന്നു. അന്നൊന്നും ഒരാളേയും വെടിവച്ചു കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വയനാട്ടിലെ വെടിവയ്പ്പിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. വസ്‌തുതകളെന്താണെന്ന് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി നിലമ്പൂർ-വയനാട് മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാരിന്റെ കാര്യക്ഷമതയില്ലായ്‌മയാണ് ഇങ്ങനെ വെടിവയ്പ്പിലേക്ക് കാര്യങ്ങൾ നടത്തുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഇത്.

കൊല്ലപ്പെട്ട സി.പി ജലീലിന്റെ പേരിൽ എന്തെങ്കിലും കേസുകളുണ്ടോ എന്ന് പൊലീസ് വെളിപ്പെടുത്തണംമെന്നും ചെന്നിത്തല പറ‌ഞ്ഞു. നിലമ്പൂരിൽ വെടിവയ്പ്പ് ഉണ്ടായപ്പോൾ ഞങ്ങൾ സർക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ സുരക്ഷ കൂടി മുൻനിറുത്തിയാണ് അന്നങ്ങനെ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.