ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയതാരമാണ് ചിത്ര. ശശികുമാറിന്റെ ആട്ടകലാശം എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായാണ് ചിത്ര സിനിമയുടെ അകത്തളത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീടങ്ങോട്ട് അമരം, ദേവാസുരം, പാഥേയം, ഏകലവ്യൻ, പൊന്നുച്ചാമി, അദ്വൈതം, ആറാം തമ്പുരാൻ തുടങ്ങി സൂത്രധാരനിൽ വരെ വളരെ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ ചിത്രയെത്തി. എന്നാൽ സിനിമാ ജീവിതത്തിൽ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെ കുറിച്ച് പറയുകയാണ് താരം. കേരളകൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചിത്ര മനസു തുറന്നത്.
'വലിയ ബാനറുകൾ, വലിയ സംവിധായകർ, വലിയ എഴുത്തുകാർ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു അത്. ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവർക്ക് മോശപ്പെട്ട കാര്യങ്ങൾ ചിന്തിക്കാൻ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്]ക്ക് തൊഴിലിൽ ആത്മാർത്ഥത കുറഞ്ഞിട്ടാവാം സെറ്റിൽ അസുഖകരമായ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അധികമാരോടും സംസാരിക്കാത്ത എന്റെ പ്രകൃതം ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസി. ഡയറക്ടർ ഉണ്ടായിരുന്നു.അയാൾ എപ്പോഴും പറയും 'രണ്ടുകൊല്ലം കഴിഞ്ഞാൽ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും." എന്റെ മുഖത്തുനോക്കിയാവും അയാളിത് പറയുക.
കുറച്ചുവർഷങ്ങൾക്ക് ശേഷം അദ്ദേഹം സംവിധായകനായി. ആളുടെ ഒരു പടത്തിൽ ഞാനായിരുന്നു നായിക. മമ്മൂക്കയാണ് നായകൻ. ഒരു പാട്ടുസീനിൽ ഞാൻ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാൻ മിണ്ടാത്തതിലുള്ള പ്രതികാരം മനസിൽവച്ചാവണം പതിനഞ്ച് തവണ അയാൾ ആ ഷോട്ട് എടുത്തു. ഞാനാകെ വിയർത്ത് കുളിച്ചു. എനിക്ക് തലചുറ്റി. വീണ്ടും വീണ്ടും അയാൾ ആ ഷോട്ടിന് നിർബന്ധിച്ചു. മമ്മൂക്കയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാൾ ഓ.കെ പറഞ്ഞത്. മലയാള സിനിമയിൽ മോശപ്പെട്ട അനുഭവം എന്നുപറയാൻ ഇതുമാത്രമേ എനിക്കുള്ളൂ'.