വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മവോയിസ്റ്റ് കുടുംബത്തിലെ സി.പി. ജലീലിനെ അനുസ്മരിച്ച് സഹപാഠിയുടെ ഫേസ്ബുക്ക് കുറിപ്പ്. മാവോയിസ്റ്റ് ആശയങ്ങളിലേക്ക് ജലീൽ അടുക്കുന്നതിന് മുൻപത്തെ കാര്യങ്ങളെ കുറിച്ചും പഠനകാലത്തിന് ശേഷം കണ്ട് മുട്ടിയപ്പോൾ ജലീലിനുണ്ടായ
മാറ്റങ്ങളെ കുറിച്ചും സുനിൽ വാടക്കയിൽ വിശദമായി എഴുതിയിട്ടുണ്ട്.
ഫേസ്ബുക്ക്പോസ്റ്റിൻെറ പൂർണരൂപം
അവനെന്റെ സഹപാഠിയായിരുന്നു..
പ്രീഡിഗ്രി ആദ്യ പാദം, രണ്ടാം വർഷം അവനെ കണ്ടതേ ഇല്ല...
പഠനമുപേക്ഷിച്ച് ചില്ലറ ജോലികളുമായി തിരിയുന്ന കാലം...
പാണ്ടിക്കാടെന്ന ചെറിയ അങ്ങാടിയിലൂടെ കടന്നുപോകുമ്പോഴെല്ലാം ശ്രദ്ധിച്ചു ചുമരുകളിൽ കൈ കൊണ്ടെഴുതി പതിച്ച പോസ്റ്ററുകൾ... ജനകീയ പ്രതികരണവേദി എന്നോ മറ്റോ ആയിരുന്നു അന്ന് അതിൽ .
ഒരു ദിവസം പാണ്ടിക്കാടിറങ്ങി, കവലയിലൂടെ നടക്കുമ്പോൾ ഒരു മെഡിക്കൽ ഷോപ്പിലെ sales man ന്റെ രൂപത്തിൽ അവൻ,
സംസാരിച്ചുകൊണ്ടിരിക്കെ അവിടെക്കാണുന്ന പോസ്റ്ററുകളെക്കുറിച്ചും തിരക്കി...
അങ്ങിനെ ഞങ്ങൾ പഴയതിൽ കൂടുതൽ അറിഞ്ഞു തുടങ്ങി... പോസ്റ്ററുകൾക്ക് പുറകിലെ കരങ്ങളെയും .
എന്റെ സാധാരണ ജീവിതത്തിലേയ്ക്ക് സമൂഹവും സാഹിത്യവും രാഷ്ട്രീയവും കൂടുതലായി കയറിയിറങ്ങിത്തുടങ്ങി...
സൗഹൃദങ്ങൾ, ചർച്ചകൾ..
പതിയെ പാണ്ടിക്കാട് എന്റെ സായാഹ്നങ്ങളുടെ അവകാശിയായി .
ജീവിതത്തിന്റെ ഗതികളെ നിർണ്ണയിക്കുന്ന സംവാദങ്ങളിൽ ഞങ്ങളുടെ സഞ്ചാരം എന്നും സമാന്തരമായി...
ഞാൻ എന്നിലേയ്ക്ക് സഞ്ചരിച്ച് തുടങ്ങുമ്പോൾ അവൻ സമൂഹത്തിലേയ്ക്കും സഞ്ചരിച്ച് തുടങ്ങിയിരുന്നു...
പതിയെ പതിയെ അവരുടെ കൂടിച്ചേരലുകളിൽ അപരിചിത മുഖങ്ങൾ വന്നു തുടങ്ങി...
കാര്യങ്ങൾക്ക് നിഗൂഡത കനം വച്ചു...
അവസാനിയ്ക്കാത്ത ഞങ്ങളുടെ ചർച്ചകൾ ഇരുവഴി പിരിഞ്ഞു....
ഞാൻ ആശ്രമങ്ങളിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങിയപ്പോൾ അവൻ സഹ്യന്റെ പച്ചകളിലെവിടെയോ പോയെന്ന് പറഞ്ഞു കേട്ടു...
അപൂർവ്വമായി ഒരു തവണ മാത്രമേ പിന്നീട് കണ്ടതുള്ളൂ...
അവന്റെ വീട് എന്നും ചർച്ചകളുടെ താവളമായിരുന്നു.... ലെനിനും മാവോയും ചുമരിലും അടുക്കിവച്ച പുസ്തകങ്ങളിലും സജീവമായിരുന്നു ,
അവന്റെ അനിയന്മാരോരുത്തരും ചർച്ചകളും പുസ്തകങ്ങളും കണ്ടും കേട്ടും വളർന്നു...
ഓരോരുത്തരായി വിപ്ലവത്തിന്റെ ചുവന്ന സഞ്ചാരത്തിന്റെ ഇളമുറക്കാരായി..
അവന്റെ സഹോദരന്മാരെ പല വഴിയിൽ കണ്ടുമുട്ടി...
നാടകവും സിനിമയും ആയിരുന്നു അവരിൽ മൂന്നാമനായ ജലീലിൽ കണ്ടത് , വിപ്ലവത്തോട് ഒരു അനുഭാവം മാത്രം...
പിന്നീട് കാണുമ്പോൾ ആ അനുഭാവം ശക്തിയാർജ്ജിച്ച് തുടങ്ങിയിരുന്നു...
ഇന്ന് fb യിൽ കമിഴ്ന്ന് കിടക്കുന്ന ആ രൂപം കാണുമ്പോൾ.. ജലീൽ ജലീലിൽ നിന്ന് മോചനം പ്രാപിച്ച് കഴിഞ്ഞു...
രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം അദ്ധ്വാനിയ്ക്കുന്ന കഷ്ടപ്പെടുന്ന മുഴുവൻ മനുഷ്യർക്കു വേണ്ടിയും,
പ്രകൃതിയ്ക്കും മനുഷ്യർക്കുമെതിരെയുള്ള എല്ലാ ചൂഷണങ്ങൾക്കും എതിരെ അവൻ കമിഴ്ന്ന്...
അവരുടെ മാർഗ്ഗങ്ങൾ ഒരിയ്ക്കലും എനിയ്ക്കഭികാമ്യമായിരുന്നില
ദു:ഖം അവരാഗ്രഹിയ്ക്കുന്നുണ്ടാവാൻ
തിന്നാനെങ്കിലും ഒരു കോഴിയെ അവൻ കൊന്നിട്ടുണ്ടോ എന്നറിഞ്ഞു കൂട...
നാടകവും, സിനിമയും സ്വപ്നം കണ്ടിരുന്നവൻ...
തീവ്രവാദി എന്ന് നാം പറഞ്ഞു തള്ളുന്നവർ നമുക്കിടയിലൊക്കെ ഉള്ള പച്ച മനുഷ്യരാണ്...
പലപ്പോഴും നമ്മേക്കാൾ പച്ചപ്പുള്ളവർ...
മാർഗ്ഗത്തിന്റെ ഈ ഘട്ടത്തിൽ അവൻ അവനിൽ ശൂന്യമായിരിയ്ക്കുന്നു .
അവൻ മാർഗ്ഗത്തിനു വേണ്ടിയുള്ളതായിരുന്നുവോ ?
അതോ മാർഗ്ഗം അവനു വേണ്ടിയുള്ള തോ ?