ശ്രീനഗർ: കാശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ നടന്നതുപോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാൻ സാദ്ധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. കാശ്മീരിൽ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നെന്നാണ് മുന്നറിയിപ്പ്.
ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിന്റെ ഭാഗമായാണ് ജെയ്ഷെ മുഹമ്മദ് ആക്രമണം പദ്ധതിയിടുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാശ്മീരിലും പരിസരങ്ങളിലും ജാഗ്രത പുലർത്താൻ സുരക്ഷ സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വടക്കൻ കാശ്‌മീരിലെ ഖാസിഗുണ്ഡിലും അനന്ത്നാഗിലും അതിതീവ്രതയുള്ള സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം നടത്താൻ സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. എസ്.യു.വി വാഹനങ്ങൾ സ്‌ഫോടനത്തിന് ഉപയോഗിക്കുമെന്നും റിപ്പോർട്ടുണ്ട്. ജമ്മു നഗര മദ്ധ്യത്തിലെ തിരക്കേറിയ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെ ഹിസ്ബുൾ മുജാഹിദീൻ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുൽവാമ ആവർത്തിക്കുമെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നത്.
ഇന്നലെ രാവിലെ 11.30 ഓടെയാണ് കാശ്മീരിൽ ആക്രമണം നടത്ത്. ഗ്രനേഡ് എറിഞ്ഞ യാസിർ ജാവീദ് ഭട്ട് എന്ന ഹിസ്ബുൾ ഭീകരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുൽഗാമിൽ നിന്ന് ജമ്മുവിലെത്തിയ ഇയാൾ ബസ് സ്റ്റാൻഡിലേ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സി.സി.ടി. വി ദൃശ്യങ്ങളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് വ്യാപകമായി നടത്തിയ തിരച്ചിലിൽ നഗരപരിധിയിലെ ഒരു ടോൾ പ്ലാസയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹിസ്ബുൾ ഭീകരഗ്രൂപ്പിന്റെ കുൽഗാം ജില്ലാ കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ടാണ് ഗ്രനേഡ് തന്ന് ദൗത്യം ഏൽപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.