rape-case-imam

തിരുവനന്തപുരം: ​പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്‌മി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് ഇമാം പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെൺകുട്ടി വാഹനത്തിൽ കയറാൻ തയാറായത്. തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ കുട്ടിയെ കണ്ടെന്നും വാക്കുതർക്കമുണ്ടായെന്നും ഇമാം മൊഴി നൽകി.

പീഡനവിവരം പുറത്തുപറയരുതെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി പറ‌ഞ്ഞു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഇമാം ഒളിവിലായിരുന്നു. ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്റെ കാറിൽ പകൽ കറങ്ങിയ ശേഷം രാത്രിയിൽ ലോഡ്ജിൽ മുറിയെടുക്കുമായിരുന്നു.

ഫാസിലിന്റെ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് മുറിയെടുത്തത്. ഇവരുടെ ഫോൺ ഉപയോഗിച്ചാണ് ഇമാം മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ മാസം 12നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് കേസെടുത്തത്. കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇമാം മുങ്ങുകയായിരുന്നു. ഒരുമാസമായി ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം മധുരയിൽ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്‌തത്.