ന്യൂഡൽഹി: അയോദ്ധ്യ തർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. മൂന്ന് പേരടങ്ങുന്ന സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് നിയോഗിച്ചിരിക്കുന്നത്. മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നൽകിയിരിക്കുന്നത്.
ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. മദ്ധ്യസ്ഥ സമിതിയുടെ നടപടികൾ പാനലിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താം.
കൂടുതൽ നിയമസഹായം വേണമെങ്കിലും ആവശ്യപ്പെടാം. ഫൈസാബാദിൽ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തർപ്രദേശ് സർക്കാർ ചെയ്‌ത് നൽകണം. ഒരാഴ്‌ചയ്‌ക്കുള്ളിൽ മദ്ധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചർച്ചയെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
നാലാഴ്ചയ്‌ക്കുള്ളിൽ മദ്ധ്യസ്ഥ സംഘം ആദ്യ റിപ്പോർട്ട് കോടതിയിൽ നൽകണം. ചർച്ചകൾ പൂർത്തിയാക്കാൻ എട്ടാഴ്ച്ച സമയം മദ്ദ്യസ്ഥ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. അതുവരെ മദ്ധ്യസ്ഥ ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്കുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.