തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരുമാസമായി പൊലീസിനെ വട്ടം ചുറ്റിച്ച തൊളിക്കോട് ജമാഅത്ത് മുൻ ഇമാം ഷെഫീഖ് അൽഖാസിമി പൊലീസ് പിടിയിലായത് ലോഡ്ജ് മുറിയിൽ കൂർക്കംവലിച്ചുറങ്ങുന്നതിനിടെ. ആഴ്ചകളായി വേഷ പ്രച്ഛന്നനായി വിലസിയ ഇമാമിന്റെ ഒളിത്താവളം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം മധുരയിലെത്തി താമസസ്ഥലം തിരിച്ചറിഞ്ഞ പൊലീസ് സംഘം ലോഡ്ജ് ജീവനക്കാരെ വിവിധ രൂപങ്ങളിലുള്ള ഫോട്ടോ കാണിച്ച് വാതിൽ പൊളിച്ച് പിടികൂടുകയായിരുന്നു. താടിയും മുടിയും പറ്റെ വെട്ടി ജീൻസ് പാന്റും ടീഷർട്ടുമിട്ട് ചുള്ളനായി മാറിയ ഇമാമിനെ കണ്ട് പൊലീസും ഞെട്ടി.
ആളുമാറിയോയെന്ന് പൊലീസ് അമ്പരന്നെങ്കിലും കതക് പൊളിഞ്ഞ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഇമാം കാക്കി കണ്ടപ്പോഴെ കാര്യം പിടികിട്ടി. തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ കൂപ്പുകൈകളുമായി തലകുനിച്ചു. ഷെഫീക്ക് അൽഖാസിമിയാണോയെന്ന ചോദ്യത്തിന് അതേയെന്ന് മറുപടി. ഒളിവ് ജീവിതത്തിന് സഹായിയായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഒളിവിൽ പോകാനായി പെരുമ്പാവൂരിൽ നിന്ന് വാടകയ്ക്കെടുത്ത മാരുതി കാർ സഹിതം ഇരുവരെയും പ്രത്യേക അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി ഡി. അശോകനും സംഘവും കസ്റ്റഡിയിലെടുത്തു. യാത്രാ മദ്ധ്യേ ഡിവൈ.എസ്.പിയുടെയും പൊലീസ് സംഘത്തിന്റെയും ചോദ്യങ്ങൾക്ക് ഇമാം കൃത്യമായി മറുപടി നൽകി.
പെൺകുട്ടിയെ ആസൂത്രിതമായാണ് കാറിൽ കയറ്റി കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വിതുരയിലെ കടയിൽ ടൈൽ വാങ്ങാൻ പോയപ്പോൾ കുട്ടിയെ യാദൃച്ഛികമായി കണ്ടുവെന്നായിരുന്നു ഇയാൾ മുമ്പ് സോഷ്യൽ മീഡിയവഴി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ കുട്ടിക്ക് ഉച്ചവരെയേ ക്ളാസ് ഉള്ളൂവെന്ന് മുൻകൂട്ടി മനസിലാക്കി കുട്ടിയെ കാത്ത് കടയുടെ പരിസരത്തെത്തുകയായിരുന്നു. കുട്ടി ദൂരെ നിന്ന് വരുന്നത് കണ്ട് കാറിന് സമീപമെത്തി തന്ത്രപൂർവ്വം കാറിൽ കയറ്റി വീട്ടിലേക്കെന്ന വ്യാജേന ആളൊഴിഞ്ഞ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഒളിവിൽ പോയ ഇമാം തന്റെ കാർ പെരുമ്പാവൂരിൽ ഉപേക്ഷിച്ചശേഷം അവിടെ നിന്ന് സുഹൃത്ത് ഫാസിലുമൊത്ത് റെന്റ് എ കാറിൽ നാടുവിടുകയായിരുന്നു. പിടിയിലാകാതിരിക്കാനാണ് പതിവ് ഇമാം വേഷത്തിൽ നിന്ന് മാറിയത്. കേരള തമിഴ്നാട് അതിർത്തിയിൽ ദിവസങ്ങളോളം താമസിച്ചിട്ടും ഇവരെ ആരും തിരിച്ചറിഞ്ഞില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാതെയും എ.ടി.എം വഴി പണം ഇടപാട് നടത്താതെയും പൊലീസിനെ വെട്ടിച്ച ഇവർ കോയമ്പത്തൂർ, വിശാഖപട്ടണം, വിജയവാഡ, പഴനി, മധുര എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇമാമിന്റെ ബന്ധു നൗഷാദിന് കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ ബിസിനസ് ഇടപാടുകളുണ്ട്. നൗഷാദിന്റെ പരിചയത്തിൽ വ്യാപാരികളിൽ നിന്നാണ് ഇവർ ആവശ്യമുള്ള പണം കടമായി വാങ്ങിയിരുന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പാണ് തന്നെ മാറിനിൽക്കാൻ പ്രേരിപ്പിച്ചതെന്നും ഷെഫീക്ക് അൽഖാസിമി വെളിപ്പെടുത്തി.
ഇയാളെ വൈദ്യപരിശോധനയ്ക്കും വീട്ടിൽ തെളിവെടുപ്പിനും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.ഡിവൈ.എസ്.പി ഡിയെ കൂടാതെ ഷാഡോ എസ്.ഐ ഷിബു, എ.എസ്.ഐ ഫിറോസ്, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒ. മാരായ നിവിൻരാജ്, അനൂപ് എന്നിവരും പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.