തിരുവനന്തപുരം: വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ രംഗത്ത്. ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീലെന്ന് ജയശങ്കർ പറഞ്ഞു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലിന്റെ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ നിരവധിയാണ്. പോലീസ് ഏമാനന്മാർക്കാർക്ക് ഒരു പോറൽ പോലുമേറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമർശനം.
മാവോയിസ്റ്റുകളെ കൊല്ലുന്നത് കോൺഗ്രസിനും ബിജെപിക്കും സന്തോഷമുളള കാര്യമാണ്. അതുകൊണ്ട് ഹർത്താൽ ഉണ്ടാവില്ല. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അദ്ധ്യക്ഷനായി പരിലസിക്കുന്ന മനുഷ്യാവകാശ കമ്മിഷനെക്കൊണ്ടും ഉപദ്രവമില്ല. സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരും സുഖസുഷുപ്തിയിലാണ്. ഭരണം മാറുന്നതു വരെ അവരാരും ഉണരുന്ന പ്രശ്നമില്ല. ജലീലിനെ 'ഏറ്റുമുട്ടലിൽ' വധിച്ച തണ്ടർബോൾട്ട് സഖാക്കൾക്ക് അടുത്ത റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ട സേവനത്തിനുളള പൊലീസ് മെഡൽ ലഭിക്കും, തീർച്ച- ജയശങ്കർ പറഞ്ഞു.
അതേസമയം, മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ വൈത്തിരിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വാദം പൊളിയുന്നു. റിസോർട്ടിൽ പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റ് സംഘവും പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത്. ഇതേതുടർന്ന് മാവോയിസ്റ്റുകൾ വെടിയുതിർത്തപ്പോൾ പൊലീസ് ആത്മരക്ഷാർത്ഥം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. എന്നാൽ പൊലീസാണ് ആദ്യംവെടിവച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റിസോർട്ടിലെ ജീവനക്കാരാണ് മാവോയിസ്റ്റുകൾക്ക് നേരെ ആദ്യം വെടിവച്ചത് പൊലീസാണെന്ന വെളിപ്പെടുത്തൽ മാദ്ധ്യമങ്ങളോട് നടത്തിയത്. ജലീലിന്റെ ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്രി തുളച്ച് പുറത്തുവന്നുവെന്നും റിപ്പോർട്ടിൽ പറയുന്നതായി സൂചനയുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം