kummanam-rajshejaran

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസോറം ഗവർണർ സ്ഥാനം രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും കൂടുതൽ വിജയസാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാർത്ഥി വെണമെന്ന് സംസ്ഥാന നേതൃത്വത്തിൽ നിന്നും ആവശ്യമുയർന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രൻ എന്നിവരുടെ പേര് ഉയർന്നുവന്നെങ്കിലും കുമ്മനം സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ആർ.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തിൽ കുമ്മനത്തിന്റെ രാജിക്കായി ആർ.എസ്.എസ് ദേശീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആർ.എസ്.എസ്. ആവശ്യം ആദ്യം ബി.ജെ.പി. കേന്ദ്രഘടകം അംഗീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ ഈയിടെ പാലക്കാട് സന്ദർശിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ ആർ.എസ്.എസ്. ഘടകം വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ കുമ്മനത്തെ ഗവർണ്ണർ പദവിയിൽ നിന്നും മാറ്റാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു എന്നാണു അറിയുന്നത്.

ഗവർണർ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയാൽ വിജയം ഉറപ്പാണെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. കഴിഞ്ഞ വർഷം മേയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. ഇതിൽ കേരളത്തിലെ ആർ.എസ്.എസ്. ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നു.