nirav-modi-bungalow

മുംബയ്: പി.എൻ.ബി തട്ടിപ്പിൽ രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 100 കോടി രൂപ മൂല്യം വരുന്ന ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് തകർത്തു. പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ച്​ നിർമിച്ച 58 കെട്ടിടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ്​ ബംഗ്ലാവ്​ തകർത്തത്​. റായിഗഢിലെ അലിബഗിലുള്ള കെട്ടിടങ്ങളാണ്​ അനധികൃതമെന്ന്​ കണ്ടെത്തിയത്​.

കയ്യേറ്റങ്ങളും നി‍ർമ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബം​ഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 സ്വകയർ ഫീറ്റ്​ വിസ്​തീർണ്ണമുള്ളതാണ്​ ബംഗ്ലാവ്​. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാൻ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം. ഡ്രൈവ്​ വെ, സെക്യൂരിറ്റി ഗേറ്റ്​, സ്വിമ്മിംഗ്​ പൂൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ബംഗ്ലാവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

റിസോർട്ടിന്​ സമാനമായ ആഢംബര സൗകര്യങ്ങളും ബംഗ്ലാവിലുണ്ട്​. മുപ്പത് കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്‌തുക്കൾ ലേലത്തിൽ വയ്‌ക്കും.