indian-air-force

ന്യൂഡൽഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യേമസേന നടത്തിയ ആക്രമണം പാകിസ്ഥാനെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമശക്തി എന്താണെന്ന് തെളിയിക്കുന്നതായിരുന്നു അന്നത്തെ ആക്രമണം. ഇന്ത്യയുടെ 12 മിറാഷ് യുദ്ധ വിമാനങ്ങൾ പാകിസ്ഥാനിൽ താണ്ഡവമാടിയപ്പോൾ ഭീകരക്യാമ്പുകൾ തവിടുപൊടിയായി. എന്നാൽ ആക്രമണം നടന്ന് ദിവസങ്ങളായിട്ടും പാകിസ്ഥാന്റെ ഭീതി മാറിയിട്ടില്ല. ഇതിനുള്ള പ്രധാന തെളിവാണ് പാകിസ്ഥാന്റെ വ്യോമ പാതകൾ ഇപ്പോഴും അടഞ്ഞു കിടക്കുന്നത്.

ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27 ന് അടച്ച വ്യോമ പാതകളെല്ലാം തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. ഇന്ത്യ–പാക് വ്യോമ പാത തുറക്കില്ലെന്ന് പാക്കിസ്ഥാൻ അറിയിച്ചതോടെ ഇതുവഴിയുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചു വിടേണ്ടിവന്നിരിക്കുകയാണ്. എന്നാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വ്യോമാതിർ‌ത്തി ലംഘിക്കുന്ന നടപടികൾ ഉണ്ടായാൽ ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചിട്ടുണ്ട്. എന്നാൽ വ്യോമപാത തുറന്നിട്ടാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് മറ്റേതെങ്കിലും വഴിക്ക് ആക്രമണം നടന്നേക്കുമെന്ന ഭയം പാകിസ്ഥാനുണ്ട്. അതേസമയം, കൃത്യമായ വ്യോമ നിരീക്ഷണം നടത്താതിനെ തുടർന്നാണ് ഇന്ത്യയുടെ തിരിച്ചടി എളുപ്പമായെന്ന വിലയിരുത്തലും പാകിസ്ഥാനുണ്ട്.

നിലവിൽ ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാകിസ്ഥാൻ അടച്ചിട്ടിരിക്കുന്നത്. ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.