കോളേജ് കാലഘട്ടം ഓർമ്മിക്കുന്നതുപോലെ ഏതാനും നിമിഷങ്ങൾ ഇരുന്നു മുഖ്യമന്ത്രി രാഹുൽ. ശേഷം തുടർന്നു:
''ഒരുപാട് കൊതിച്ച ഒരു മോഹമായിരുന്നു അത്. പല അടവു പയറ്റിയിട്ടും അടുക്കാതെ പോയ ഒരു പെണ്ണ്!"
വിക്രമനും സാദിഖും പരസ്പരം നോക്കി.
''അങ്ങനെ ഒരുത്തി ഉണ്ടായിരുന്നോ സാർ?"
''ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. കൈ എത്തുന്ന അകലത്തിൽ... അവളെ എന്റെടുത്ത് എത്തിക്കാൻ നിങ്ങൾക്കു കഴിയുമോ? അല്ലെങ്കിൽ ഞാൻ വരുത്തിയ ഒരു ടീം പുറത്ത് വെയ്റ്റു ചെയ്യുന്നുണ്ട്. ഉത്തമപാളയംകാർ. ഈ വർക്ക് ഞാൻ അവരെ ഏല്പിക്കാണോ അതോ..."
പൂർത്തിയാക്കാൻ സമ്മതിച്ചില്ല വിക്രമൻ.
''എന്തിനാ സാറേ ഇതിനൊക്കെ തമിഴ്നാട്ടുകാര്? ഞങ്ങളില്ലേ ഇവിടെ. സാറ് ഒരു വാക്ക് പറഞ്ഞാൽ മതി. ആരാ അവള്?"
രാഹുൽ ദീർഘമായി ഒരു നിശ്വസിച്ചു.
മിഠായി തിന്നുന്നതു പോലെ ചുണ്ടുകൾ ഒന്നു നുണഞ്ഞു.
കാർമേഘത്തിന്റെ പിടിയിൽ നിന്ന് നിലാവു പുറത്തേക്കു തലനീട്ടി.
രാഹുൽ അറിയിച്ചു.
''വിജയ. അതാണ് അവളുടെ പേര്. കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐ..."
''അവൾക്കിട്ടൊരു പണി കൊടുക്കാൻ ഞങ്ങളും തീരുമാനിച്ചിരിക്കുകയായിരുന്നു സാറേ.. അവൾ കാരണമല്ലേ മുൻ മുഖ്യന്റെ ജാരസന്തതി നമ്മുടെ കയ്യിൽ നിന്നു വഴുതിപ്പോയത്?"
വിക്രമൻ ചോദിച്ച നിമിഷത്തിൽ രാഹുലിന്റെ ഫോണിൽ നീല വെളിച്ചം മിന്നി.
അവൻ ടീപ്പോയിൽ നിന്ന് അതെടുത്തു നോക്കി.
മാസ്റ്റർ കാളിംഗ്...
അസ്വസ്ഥതയോടെ രാഹുൽ അറ്റന്റു ചെയ്തു.
''എന്താ മാസ്റ്ററേ മന്ത്രിക്കസേര പോയെന്നുവച്ച് ഉറക്കവുമില്ലേ?"
ഗൗരവത്തിലായിരുന്നു അപ്പുറത്തുനിന്ന് വേലായുധൻ മാസ്റ്ററുടെ ശബ്ദം:
''രാഹുൽ... ഞാൻ വാക്കു പാലിച്ചു. എന്നാൽ നീ എന്താ അങ്ങനെ ചെയ്യാത്തത്"
രാഹുലിന്റെ നെറ്റി ചുളിഞ്ഞു.
''മനസ്സിലായില്ല...."
''നീ പറഞ്ഞ പ്രകാരം മുഖ്യമന്ത്രി പദവും ആഭ്യന്തരമന്ത്രി സ്ഥാനവും ഞാൻ വിട്ടുതന്നു. പക്ഷേ നീ എന്റെ മകനെ തന്നില്ല..."
''ഓ. അതോ, തരാമല്ലോ..." അവൻ ചിരിച്ചു.
''പിന്നെ എന്തിനിങ്ങനെ താമസിക്കുന്നു? ഞാൻ പത്തനംതിട്ട ടിബിയിലുണ്ട്. ഒരു കാര്യം ചെയ്യ്. അവനെ ഇവിടെയെത്തിക്ക്. ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം."
പെട്ടെന്ന് എന്തു മറുപടി നൽകും എന്നറിയാതെ രാഹുൽ ഒന്നു പതറി. അവന്റെ കണ്ണുകൾ വീണ്ടും രാജസേനന്റെ ചിതയ്ക്കു നേരെ നീണ്ടു.
നോബിൾ തോമസ് എവിടെയെന്നറിയാതെ താൻ എങ്ങനെ അവനെ കൊണ്ടുകൊടുക്കും?
''രാഹുൽ ... നീ എന്താ മിണ്ടാത്തത്?"
വീണ്ടും വേലായുധൻ മാസ്റ്ററുടെ ശബ്ദം.
രാഹുലിന് പെട്ടെന്ന് ഒരു ആശയം തോന്നി:
''നോബിളിനെ വിട്ടുതരില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ മാസ്റ്ററേ? പക്ഷേ രണ്ടുദിവസത്തെ സാവകാശം വേണം എനിക്ക്."
'' അതെന്തിന്? "
മാസ്റ്ററുടെ ശബ്ദത്തിലെ അക്ഷമ കേട്ടറിഞ്ഞു രാഹുൽ.
''അവനെ അകലെ ഒരിടത്താണു രഹസ്യമായി താമസിപ്പിച്ചിരിക്കുന്നത്. അവിടുന്ന് കൊണ്ടുവരണ്ടേ?"
''അത് എവിടെയാണെന്നു പറഞ്ഞാൽ ഞാൻ അങ്ങോട്ടു പോകാം."
''അത് ശരിയാവത്തില്ല. ഞാൻ രാവിലെ വിളിക്കാം."
പറഞ്ഞതും രാഹുൽ കാൾ മുറിച്ചു. പിന്നെ വിക്രമനെയും സാദിഖിനെയും നോക്കി.
''ആ ചെറുക്കൻ എവിടെയുണ്ടെന്ന് അറിയണം. നോബിളേ... പക്ഷേ എങ്ങനെ?"
''ഞങ്ങള് ഒന്നു കറങ്ങിയിട്ടു വരാം സാറേ... സാറ് അകത്തേക്കു പൊയ്ക്കോ എന്തെങ്കിലും വിവരവും കൊണ്ടേ ഞങ്ങള് വരൂ...."
രാഹുലിനു സന്തോഷമായി. ഗ്ളാസിൽ അവശേഷിച്ചതു കൂടി ഊറ്റിക്കുടിച്ചിട്ട് അവൻ എഴുന്നേറ്റു.
വിക്രമനും സാദിഖും ഒരു ഹീറോ ഹോണ്ട ബൈക്കിൽ അവിടെ നിന്നിറങ്ങി.
തന്റെ വസതിക്കു പോലീസ് പ്രൊട്ടക്ഷൻ വേണ്ടെന്ന് രാഹുൽ നിർദ്ദേശിച്ചിരുന്നു.
തങ്ങൾക്കു പരിചയമുള്ള ചില 'ഛോട്ടാ" ഗുണ്ടകളോട് സംശയകരമായ വിധത്തിൽ ആരെയെങ്കിലും കണ്ടോ അടുത്ത ദിവസങ്ങളിൽ എന്നു തിരക്കാനായിരുന്നു അവരുടെ യാത്ര....
എന്നാൽ അവർ ഗേറ്റു കടന്നതും ഇരുളിൽ മറഞ്ഞുനിന്നിരുന്ന ഒരാൾ ആർക്കോ ഒരു കാൾ അയച്ചു.
ഒരു മിനിട്ടു കഴിഞ്ഞപ്പോൾ എസ്.ഐ വിജയ്ക്ക് എസ്.പിയുടെ മെസേജ് കിട്ടി.
അപ്പോൾത്തന്നെ തന്റെ സഹപ്രവർത്തകരെയും വിളിച്ച് വിജയ എവിടേക്കോ പാഞ്ഞു.
[തുടരും]