ദീർഘനേരം കഠിനമായ വെയിൽ കൊള്ളുമ്പോൾ അല്ലെങ്കിൽ കഠിനമായ ജോലി ചെയ്യുമ്പോൾ മനുഷ്യശരീരത്തിന് താപനില നിയന്ത്രിക്കാൻ പറ്റാതെ വരികയും, ശരീരത്തിന് നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നു. ഇതിനെയാണ് സൂര്യാഘാതം എന്നു പറയുന്നത്. പ്രായമുള്ള ആളുകൾ, കൊച്ചുകുട്ടികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവരെ ഇത് കൂടുതലായി ബാധിച്ചു കാണാറുണ്ട്.
തലവേദ, തലക്കറക്കം, ക്ഷീണം, ദാഹം, ശരീരത്തിൽ പൊള്ളലേറ്റ് പാടുകൾ, തൊലിപ്പുറത്ത് ചുവപ്പ് എന്ന് തുടങ്ങി ജന്നി, അബോധാവസ്ഥ, വൃക്കകൾക്ക് തകരാറ് എന്നിവ വരെ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ശരീരത്തിന്റെ താപനില അമിതമായി ഉയരുന്നത് കൊണ്ടും നിർജലീകരണത്തിന്റെ തോത് അനുസരിച്ചും ആണ് ഈ ലക്ഷണങ്ങൾ കാണുന്നത്.
ഈ ലക്ഷണങ്ങൾ കാണിച്ചാൽ രോഗിയെ വേഗം തന്നെ തണൽ ഉള്ള ഒരു സ്ഥലത്തേക്ക് മാറ്റുക. ശരീരത്തിൽ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ മാറ്റുക, തണുത്ത വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കാൻ കൊടുക്കുക എന്നീ കാര്യങ്ങൾ ചെയ്യാം. തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുക, വീശിക്കൊടുക്കുകയോ ഫാൻ കൊള്ളുകയോ ചെയ്ത് ശരീര താപനില കുറയ്ക്കുക, ഐസ് ഇട്ട പാനീയങ്ങൾ കുടിക്കുക, ശരീരത്തിൽ ഐസ് പായ്ക്കുകൾ വയ്ക്കുക എന്നിവയും ചെയ്യാം. പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ വൈദ്യസഹായം തേടുക. താഴ്ന്ന ഊഷ്മാവിലുള്ള ഡ്രിപ്പുകൾ നൽകി ശരീരത്തിന്റെ താപനില കുറയ്ക്കാം. ഇതിന്റെ മരണ നിരക്ക് 65 ശതമാനം ആണ്.
തടയുന്നതെങ്ങനെ?
പകൽ 11 മണിക്കും 3 മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം, തണുത്ത പാനീയങ്ങൾ എന്നിവ ജോലി ചെയ്യുമ്പോൾ ഉപയോഗിക്കുക. തണുത്ത വെള്ളത്തിൽ കുളിക്കുക, ഇറുക്കമില്ലാത്ത കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക, ശരീരത്തിലും തുണികളിലും ഇടയ്ക്ക് തണുത്ത വെള്ളം കുടയുക, മദ്യപാനം, കഠിനമായ ശാരീരിക അദ്ധ്വാനം എന്നീ കാര്യങ്ങൾ ഒഴിവാക്കുക.