ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സസാക്ഷിയും ഇറങ്ങിയ സമയം. ചാനലുകളിൽ പ്രമോഷൻ പരിപാടിക്കിടെ തൊണ്ടി മുതലിലെ നായിക ശ്രീജയായി തിളങ്ങിയ നിമിഷ സജയൻ സ്ക്രീനിൽ കരാട്ടെ കാട്ടുന്നു. അന്നു മുതൽ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുകയാണ് താരം. ഒടുവിൽ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി. ലാൽ ജോസിന്റെ ബിജു മേനോൻ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നതിന്റെ തിരക്കിലും നിമിഷ വിശേഷങ്ങൾ 'ഫ്ളാഷു'മായി പങ്കുവയ്ക്കുന്നു:
മമ്മിയാണ് ബോൾഡ്
ജീവിതത്തിൽ നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ടെങ്കിലും എന്റെ മനസിൽ ബോൾഡ് എന്റെ മമ്മിയാണ്. അതിനു ശേഷമാണ് മറ്റാരുടെയും പേര് മനസിലേക്ക് ഓടിയെത്തുക. മക്കളെ വളർത്തുന്നതിലും സ്വാതന്ത്ര്യം തരുന്നതിലും കുടുംബത്തിൽ ഓരോരുത്തർക്കും ആവശ്യമായ സ്പേസ് നൽകുന്നതിലുമൊക്കെ മമ്മി തന്നെയാണ് കിടു.തീരുമാനം കൃത്യമായിരിക്കണം.
കഥാപാത്രങ്ങളെ മുൻനിറുത്തി ഞാൻ വളരെ ബോൾഡാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. ശരിക്കു പറഞ്ഞാൽ കുട്ടിക്കളിയും കുസൃതിത്തരങ്ങളുമൊക്കെയായി ഒരു ബബ്ലിയായി നടക്കുന്ന പെൺകുട്ടിയാണ് ഞാൻ. വളരെ ഇമോഷണലാണ് ഞാൻ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ കൃത്യമായ ഡിസിഷൻ ഉണ്ടാകും. സിറ്റുവേഷനാണ് നമ്മളെ ബോൾഡാക്കുന്നതെന്നാണ് എന്റെ അഭിപ്രായം. തൊണ്ടി മുതലിലെ ശ്രീജ ഒരു പാവം പെൺകുട്ടിയാണ്. പക്ഷേ അവളുടെ സാഹചര്യമാണ് അവളെക്കൊണ്ട് ശക്തമായ നിലപാടുകൾ എടുപ്പിക്കുന്നത്. അതു തന്നെയാണ് യഥാർത്ഥ ജീവിതത്തിലും.
ചിങ്കിണി എന്റെ ചേച്ചി
എന്റെ അടുത്ത കൂട്ടുകാരിയാണ് അനുസിത്താര. പ്രേക്ഷകർക്ക് അനു സിത്താരയാണെങ്കിലും ഞാൻ ചിങ്കിണിയെന്നാണ് വിളിക്കുന്നത്. തിരിച്ച് നിമ്മൂസേയെന്നും. മാനസികമായി വളരെ അടുപ്പമാണ് ഞാനും അനു സിത്താരയും തമ്മിൽ. എന്നു കരുതി എന്നും വിളിക്കുന്ന പതിവൊന്നുമില്ല. ഷൂട്ടിംഗ് തിരക്കിലായാൽ കോളൊന്നും ചെയ്യില്ല. പക്ഷേ എറണാകുളത്ത് ഉണ്ടെങ്കിൽ പരസ്പരം കാണും സമയം ചെലവഴിക്കും. എന്തെങ്കിലും പറഞ്ഞ് വഴക്കായാൽ എന്നോട് പറയുന്ന ഡയലോഗ് എന്താണെന്നോ 'നിനക്കെന്നെ ഇഷ്ടമല്ലെങ്കിൽ നീ ഈ വീട്ടീന്ന് ഇറങ്ങിപ്പൊയ്ക്കോ ഞാൻ മമ്മീടെ കൂടെ താമസിച്ചോളാം" എന്ന്. എന്റെ വീട്ടിലിരുന്നിട്ടാ ഈ ഡയലോഗെന്ന് ഓർക്കണം. അനുവും ഭർത്താവും എനിക്കെന്റെ സ്വന്തം ചേച്ചിയേയും ചേട്ടനേയും പോലെയാണ്. സിനിമയുടെ കാര്യം വരുമ്പോൾ ഞാനും ചിങ്കിണിയും പക്കാ പ്രൊഫഷണലാണ്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറാകാറില്ല.
മലയാളം പഠിക്കയാണേ..
കഴിഞ്ഞ കുറച്ചുനാളായി കഠിനമായ പഠിത്തത്തിലാണ്. ജീവിതം മുംബയിലായതിനാൽ മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതാണ് കുത്തിയിരുന്ന് ഇപ്പോൾ പഠിക്കുന്നത്. ആദ്യം ഉഷ ടീച്ചറായിരുന്നു പഠിപ്പിച്ചത്. ഇപ്പോൾ അമ്മയാണ് ഗുരു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചു. ഇനി എഴുതിത്തുടങ്ങണം. ദൃഷ്ടധ്യുമ്നൻ എന്നെഴുതി കാണിക്കണമെന്നൊക്കെ പറഞ്ഞ് ലൊക്കേഷനിലുള്ളവർ കളിയാക്കാറുണ്ട്. എല്ലാവർക്കും ഞാൻ മറുപടി കൊടുക്കും. ഒന്ന് എഴുതാൻ പഠിച്ചോട്ടേ.
അഭിപ്രായങ്ങൾക്ക് അർഹിക്കുന്ന പരിഗണന
നടിയാണെന്ന് കരുതി ശല്യപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല. തിയേറ്ററിൽ പോയി സിനിമ കാണാനും പുറത്തിറങ്ങി നടക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇപ്പോഴും ലഭിക്കുന്നുണ്ട്. സിനിമ കണ്ടിട്ടുണ്ട്. അഭിനയം നന്നാകുന്നുണ്ട് എന്നൊക്കെയാണ് പറയുന്നത്. അതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നും. അഭിനയവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഒക്കെ ഞാൻ സ്വീകരിക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ വ്യക്തിപരമായ വിമർശനങ്ങളൊന്നും ഞാൻ ചെവിക്കൊള്ളാറില്ല.
അഭിനന്ദിക്കാൻ വിളിച്ച സിസ്റ്റർ
അവാർഡ് കിട്ടിയപ്പോൾ കുട്ടനച്ചൻ (വിജയരാഘവൻ), വേണുവച്ചൻ (നെടുമുടി വേണു), സിദ്ധിക്കിക്ക, ലളിതമ്മ (കെ.പി.എ.സി ലളിത) തുടങ്ങിയവരെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. ഭയങ്കര സന്തോഷം തോന്നി. അവാർഡിന്റെ അടുത്ത ദിവസം രാവിലെ ശരിക്കും സർപ്രൈസ് കോൾ വന്നു. എന്നെ പത്താം ക്ളാസിൽ പഠിപ്പിച്ചിരുന്ന ഫിലോ സിസ്റ്ററാണ് അഭിനന്ദനം അറിയിക്കാൻ വിളിച്ചത്. വളരെ സന്തോഷം തോന്നി.
അപ്പൊ നോക്കാം
മലയാളത്തിലേതു പോലെ മികച്ച കഥാപാത്രങ്ങൾ വന്നാൽ മറ്റു ഭാഷകളിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാം. ഇപ്പോഴെന്തായാലും മലയാളം മാത്രമേയുള്ളൂ മനസിൽ. നിവിൻ പോളിയുടെ നായികയായി തുറമുഖത്തിലാണ് ഇനി അഭിനയിക്കുക. അതിനു പിന്നാലെ രണ്ട് പ്രോജക്ടുകൾ ചർച്ചയിലുണ്ടെങ്കിലും ഒന്നും ഉറപ്പിച്ച് പറയാറായിട്ടില്ല.
ഇത്രയൊക്കെ ബോൾഡായ ആൾ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കരഞ്ഞതെന്തിനായെന്ന് ചോദിച്ചപ്പോൾ പതിവു ചിരിയോടെ നൽകിയ മറുപടി ഇങ്ങനെ 'അതുപിന്നെ, ഇത്രയും വലിയ അവാർഡൊക്കെ കിട്ടുമ്പോൾ ആരായാലും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോകില്ലേ..