election-

ആലപ്പുഴ: മുദ്രാവാക്യങ്ങളായിരുന്നു മുമ്പ് തിരഞ്ഞെടുപ്പിന് ഓളമായി നിന്നത്. വോട്ടർമാരുടെ ചങ്ക് കീറിച്ചെന്ന് വോട്ട് മറിച്ചിരുന്ന മുദ്രാവാക്യങ്ങൾ. ഈണത്തിൽ ചാട്ടുളി പോലെ പാഞ്ഞുവന്ന മുദ്രാവാക്യങ്ങൾ പല സ്ഥാനാർത്ഥികളുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. മുദ്രാവാക്യത്തിൽ തട്ടി പലരും വീണിട്ടുമുണ്ട്. മുദ്രാവാക്യങ്ങൾ കൊണ്ട് ക്ളച്ച് പിടിച്ചിരുന്ന കാലം കഴിഞ്ഞു. അതോടെ മുദ്രാവാക്യങ്ങൾ ഏതാണ്ട് വിസ്മൃതിയിലായി.

നെഹ്റുവിൻെറ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ പരക്കെ കേട്ട മുദ്രാവാക്യം ഇതായിരുന്നു. അന്ന് കാളയായിരുന്നു കോൺഗ്രസിൻെറ ചിഹ്നം. അതിൽ പിടിച്ചായിരുന്നു എതിരാളികളുടെ മുദ്രാവാക്യം. 'വോട്ടില്ല.. വോട്ടില്ല.. കാളപ്പെട്ടിക്കോട്ടില്ല'. അത് ഹിറ്റ് മുദ്രാവാക്യമായി പരന്നു.

അവിടന്നിങ്ങോട്ട് മുദ്രാവാക്യങ്ങൾ മേളമായി. സ്ഥാനാർത്ഥികളുടെ കള്ളത്തരവും പൊള്ളത്തരവും പേരായ്മും നേട്ടവും കോട്ടവുമെല്ലാം മുദ്രാവാക്യങ്ങളായി.

'ഉപ്പിന് നികുതി, മുളകിന് നികുതി, കെട്ടാൻ നിൽക്കുന്ന പെണ്ണിന് നികുതി'. എല്ലാത്തിനും നികുതി ചുമത്തിയതിനെ കളിയാക്കി ഒരു തിരഞ്ഞെടുപ്പിന് കേട്ടതാണിത്.

ബംഗാളിനെയും ത്രിപുരയേയും എടുത്തുകാട്ടിയായിരുന്നു മുമ്പ് സി.പി.എം തൊണ്ട കീറി വിളിച്ചിരുന്നത്. അതിങ്ങനെ: 'ബംഗാളുപാേലെ,​ ത്രിപുര പോലെ,​ കേരളമാകെ ചുവന്നു കഴിഞ്ഞേ'.

1984ൽ ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിൽ വക്കം പുരുഷോത്തമനും സുശീലാ ഗോപാലനും തമ്മിൽ മത്സരിച്ചപ്പോൾ മുദ്രാവാക്യങ്ങളുടെ ഘോഷയാത്രയായിരുന്നു. സി.പി.എമ്മുകാർ വിളിച്ചു. 'വക്കം ചേട്ടാ,​ വോട്ടുകൾ തെണ്ടി നടക്കണ്ടാ, നാണക്കേടിന് പോകണ്ട, സുശീല എന്നൊരു മഹിളാരത്നം ഞങ്ങളുടെ സ്ഥാനാർത്ഥിയെന്നോർക്കേണം'. കോൺഗ്രസുകാർ തിരിച്ചു വിളിച്ചു 'പെട്ടീ പെട്ടീ ബാലറ്റ് പെട്ടി, പെട്ടി തുറന്നപ്പോൾ സുശീല പൊട്ടി'. സി.പി.എം പണ്ട് എല്ലാ തിരഞ്ഞെടുപ്പിലും ആവർത്തിച്ച് മാനം മുട്ടേ വിളിച്ചൊരു മുദ്രാവാക്യമുണ്ടായിരുന്നു. കേരളത്തെ കോരിത്തരിപ്പിച്ച മുദ്രാവാക്യം. 'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും'.

കേരള ചരിത്രത്തിൽ സ്വർണ്ണത്തിളക്കം പോലെ നിന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. തലമുറകൾ ഒരുകാലത്ത് ഏറ്റുവിളിച്ച മുദ്രാവാക്യം. 'ഇ.എം.എസ്, എ.കെ.ജി, കെ.ആർ.ഗൗരി സിന്ദാബാദ്'. മുദ്രാവാക്യം എഴുതുന്നത് ഒരു കലയായി കൊണ്ടുനടന്നിരുന്ന കാലമുണ്ടായിരുന്നു. വിദ്യാർത്ഥി,​ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണ് അത് ഏറെയും രൂപംകൊണ്ടിരുന്നത്. കാലം മാറിയപ്പോൾ മുദ്രാവാക്യം വിളിയുടെ സ്റ്റൈലിലും മാറ്റംവന്നു. എങ്കിലും താളത്തിലും ഈണത്തിലുമുള്ള മുദ്രാവാക്യങ്ങൾ ഇപ്പോഴും തിരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴുമൊക്കെ മുഴങ്ങികേൾക്കാം.