kummanam-rajashekharan

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ആരായാലും പേടിയില്ലെന്ന് ശശി തരൂർ. വ്യക്തികൾക്കല്ല നിലപാടുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയെയും കുറിച്ച് ചിന്തിക്കുന്നില്ല. പ്രധാനമന്ത്രി നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്.

എന്നാൽ,​ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണ്. അവരുടെ വ്യക്തിത്വത്തെ അല്ല എതിർക്കുന്നത്. പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബി.ജെ.പി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സി.പി.എം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണെന്നും അദ്ദേഹം പറ‌ഞ്ഞു. കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നിടത്തോളം നല്ല മനുഷ്യനാണെന്നും തരൂർ കൂട്ടിച്ചേർത്തു.

കുമ്മനത്തിന്റെ തിരിച്ചുവരവ് കേരളത്തിലെ ബി.ജെ.പിക്ക് വലിയ ഗുണം ചെയ്യുമെന്ന് ബി.ജെ.പി നേതാവും എം.പിയുമായ വി.മുരളീധരൻ പറ‌ഞ്ഞു. കുമ്മനം രാജശേഖരൻ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാർത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.

അതേസമയം,​ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർത്ഥിയായാൽ മത്സരം കടുക്കുമെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി സി.ദിവാകരൻ വ്യക്തമാക്കി. എതിരാളികൾ ശക്തരാണ് പക്ഷേ വിജയ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും, ശശി തരൂരിന്റെ വാഗ്‌ദാന ലംഘനങ്ങൾക്കും എതിരെ തിരുവനന്തപുരത്തുകാർ വോട്ട് ചെയ്യുമെന്നും ദിവാകരൻ പ്രതികരിച്ചു.