ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനമായ മിഗ് 21 രാജസ്ഥാനിലെ ബിക്കാനീറിൽ തകർന്ന് വീണു. പരിശീലന പറക്കലിനിടെയാണ് തകർന്നത്. പാരച്യൂട്ടിൽ പറന്നിറങ്ങിയ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ബിക്കാനീർ നഗരത്തിൽ നിന്നും 12 കിലോ മീറ്റർ മാറിയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയോടെ രാജസ്ഥാനിലെ നാൽ എയർബേസിൽ നിന്നും പരിശീലനത്തിനായി പറന്ന വിമാനമാണ് തകർന്നത്. പൈലറ്റ് സുരക്ഷിതനാണെന്നും അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ മാസം 12 ന് രാജസ്ഥാനിലെ ജയ്സാൽമറിൽ മിഗ് വിമാനം തകർന്നുവീണിരുന്നു. മിഗ് 27 ആണ് അന്ന് തകർന്നത്. അന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്.