കോഴിക്കോട്: വയനാട്ടിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിന് പിന്നിലുള്ള യഥാർത്ഥ വസ്തുത വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിനെ വെടിവച്ച് കൊല്ലേണ്ട സാഹചര്യം ഉണ്ടായത് സർക്കാരിന്റെ നയപരമായ പാളിച്ചകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണെന്ന് ജലീലിന്റെ സഹോദരൻ പറഞ്ഞത് അന്വേഷിക്കണം. നിലമ്പൂർ നടപടിയിൽ സർക്കാരിന് പിന്തുണ നൽകിയിരുന്നു. എന്നാൽ തുടർച്ചയായി വെടിവച്ച് ആളെ കൊല്ലുന്നതിന്റെ സാഹചര്യം വ്യക്തമാകേണ്ടതുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒന്നും അറിഞ്ഞില്ല എന്നാണ് പറയുന്നത്. അദ്ദേഹം പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നില്ലേയെന്നും ചെന്നിത്തല ചോദിച്ചു. നിലമ്പൂർ വെടിവയ്പിന് ശേഷം രൂക്ഷമായി പ്രതികരിച്ച കാനത്തിന്റെ നാവ് ഇറങ്ങിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.