kummanam

തിരുവനന്തപുരം: മിസോറം ഗവർണർ സ്ഥാനം കുമ്മനം രാജശേഖരൻ രാജിവച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നതോടെ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ സ്ഥാനാർത്ഥി ചിത്രം വ്യക്തമായി തെളിഞ്ഞു.യു.ഡി.എഫ് സ്ഥാനാ‌ർത്ഥി ശശി തരൂരിനും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരനുമൊപ്പം ബി.ജെ.പിക്കായി കുമ്മനവും എത്തുന്നതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെയും സമ്മർദ്ദത്തിന് വഴങ്ങി മടങ്ങിയെത്തിയ കുമ്മനം വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും ആത്മവിശ്വാസത്തിൽ തരൂർ കളത്തിൽ ഇറങ്ങുമ്പോൾ ശബരിമല വിഷയവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒ.രാജഗോപാലിന്റെ രണ്ടാം സ്ഥാനവുമാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് കുമ്മനത്തിലൂടെ കേരളത്തിൽ നേടിയെടുക്കാമെന്നാണ് ബി.ജെ.പി ക്യാമ്പുകളിലെ പ്രതീക്ഷ. കേരളത്തിലെ ഏറ്റവും വിജയസാദ്ധ്യത കൽപിക്കപ്പെടുന്ന മണ്ഡലത്തിൽ ഏറ്റവും അനുയോജ്യനായ സ്ഥാനാഥിർയെ തന്നെ ലഭിച്ച ആവേശത്തിലാണ് പ്രവർത്തകരിപ്പോൾ. മണ്ഡലത്തിൽ സുരേഷ് ഗോപി, കെ.സുരന്ദ്രൻ എന്നിവരുടെ പേര് ഉയർന്നുവന്നെങ്കിലും കുമ്മനം സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ആർ.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തിൽ കുമ്മനത്തിന്റെ രാജിക്കായി ആർ.എസ്.എസ് ദേശീയ നേതൃത്വത്തിൽ ചെലുത്തിയ സമ്മർദ്ദം അത്ര ചെറുതൊന്നുമല്ല.

ഒരു സംസ്ഥാനത്തിന്റെ ഗവർണർ പദവിയിൽ നിയമിച്ച ഒരാളെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തീരുമാനമെടുക്കണമെന്നാണ് അമിത് ഷാ ആർ.എസ്.എസ് നേതാക്കളെ അറിയിച്ചത്. ഇതോടെ പ്രധാനമന്ത്രിയിൽ നേരിട്ടും ആർ.എസ്.എസ് കേന്ദ്രനേതൃത്വം വഴിയും കേരളത്തിലെ ആർ.എസ്.എസ് ഘടകം സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ട്. ഇതോടെ കുമ്മനത്തിനെ മടക്കി അയയ്ക്കാതെ കേന്ദ്ര നേതൃത്വത്തിനും രക്ഷയില്ലാതായി.

കേരള നിയമസഭയിൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റായ നേമവും 34 കൗൺസിലർമാരുള്ള തിരുവനന്തപുരം കോർപറേഷനും അടക്കം ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും ശക്തികേന്ദ്രങ്ങൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണുള്ളത്. വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, അരുവിക്കര, പാറാശാല തുടങ്ങിയ നിയോജകമണ്ഡലങ്ങളെല്ലാം തന്നെ ബി.ജെ.പിക്ക് ശക്തമായ വോട്ട് ബാങ്കുള്ള സ്ഥലങ്ങളാണ്. കഴിഞ്ഞ തവണ ഒ.രാജഗോപാലും ശശി തരൂരും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്.

ഗവർണർ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയാൽ വിജയം ഉറപ്പാണെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. കഴിഞ്ഞ വർഷം മേയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. ഇതിൽ കേരളത്തിലെ ആർ.എസ്.എസ് ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നു.