മോസ്കോ: റഷ്യയിലിനി ആരെങ്കിലും സർക്കാരിനെയോ നയങ്ങളെയോ ചോദ്യം ചെയ്താൽ അവർക്ക് മുട്ടൻ പണികിട്ടും. ഉറപ്പ്. അങ്ങനെ ചെയ്യുന്നവരിൽനിന്ന് വൻതുക പിഴയായി ഈടാക്കാനും അവരെ ജയിലിൽ അടയ്ക്കാനും അനുമതി നൽകുന്ന ബിൽ റഷ്യൻ പാർലമെന്റ് പാസാക്കി.
പ്രസിഡന്റ് വ്ലാഡിമിർ പുടിനെയോ രാജ്യത്തെയോ സർക്കാരിനെയോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരെയോ അപമാനിക്കുന്ന രീതിയിൽ ഓൺലൈൻപോസ്റ്റുകളും മറ്റും ഇടുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും വൻ തുക പിഴയും നൽകുന്ന ബിൽ ആണിത്. ഓൺലൈൻ ഉപയോക്താക്കൾ ക്ക് 1,00,000 റൂബിൾ (1,06,315 രൂപ) പിഴ ചുമത്തും.
കുറ്റം ആവർത്തിക്കുയാണെങ്കിൽ രണ്ടുമടങ്ങ് പിഴ ചുമത്തുകയും ചെയ്യും. സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കും ‘പുടിൻ ബാസ്റ്റേർഡ്’ ആണെന്ന രീതിയിൽ പ്രസ്താവനകൾ ഇറക്കിയവരേയും സംബന്ധിച്ച് ഇത്തരമൊരു നിയമം വലിയ തിരിച്ചടിയായിരിക്കുമെന്നും ഇവർ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോവാ സെന്റർ തലവൻ അലക്സാണ്ടര്‍ വെർകോവ്സി പറഞ്ഞു.
വാർത്തകൾ മരണമോ കലാപമോ പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണെങ്കിൽ പിഴ 1.5 മില്ല്യൺ റൂബിളായി (15,90,827.35 രൂപ) വർദ്ധിക്കുകയും ചെയ്യും. വ്യാജ വാർത്തകൾ ആണോ എന്നതിൽ തീരുമാനമെടുക്കാൻ പ്രോസിക്യൂട്ടർമാർക്ക് അവകാശം നൽകുന്നതാണ് പുതിയ നിയമം.