ജബ: ഇന്ത്യൻ വ്യോമസേന തകർത്ത ബലാക്കോട്ടിലെ ഭീകര ക്യാമ്പിനു സമീപമുള്ള മദ്രസകളിലേക്ക് പാകിസ്ഥാൻ മാദ്ധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചു. പ്രദേശത്തെ മദ്രസയും മറ്റ് കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ റോയിട്ടേഴ്സ് മാദ്ധ്യമപ്രവർത്തകരെയാണ് ഇന്നലെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. നേരത്തേ മൂന്ന് തവണ മാദ്ധ്യമ പ്രവർത്തകർ പ്രദേശം സന്ദർശിക്കാൻ ശ്രമിച്ചിരുന്നെങ്കിലുംപാകിസ്ഥാൻ അനുമതി നൽകിയില്ല.
ഇന്ത്യൻ വ്യോമാക്രമണത്തിൽ ഭീകരക്യാമ്പുകൾ തകർന്നില്ലെന്ന പാക് വാദത്തിനിടെയാണ് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി മേഖലയിലേക്ക് പ്രവേശനം നിഷേധിക്കുന്നത്. നൂറ് മീറ്റർ അകലെ നിന്ന് മദ്രസ കാണാൻ അനുമതി നൽകിയിരുന്നു. തങ്ങൾ കണ്ട പ്രദേശങ്ങൾക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മാദ്ധ്യമപ്രവർത്തർ വെളിപ്പെടുത്തി.
യാതൊരു വിധ കേടുപാടും സംഭവിക്കാതെ ബാലക്കോട്ടിൽ മദ്രസയടക്കമുളള കെട്ടിടങ്ങൾ നിലനിൽക്കുന്നതിന്റെ യു.എസ് സ്വകാര്യ ഏജൻസിയുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾകഴിഞ്ഞ ദിവസം റോയിട്ടേഴ്സ് പുറത്ത് വിട്ടിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മദ്രസകളുടെ നിയന്ത്രണം പ്രാദേശിക ഭരണകൂടം ഏറ്റെടുത്തെന്നാണ് പാകിസ്ഥാൻ പറയുന്നത്.