കൽപ്പറ്റ:പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് വെറ്ററിനറി യൂനിവേഴ്‌സിറ്റിയിൽ സ്ഥിരനിയമനം. ഇതുസംബന്ധിച്ച ഉത്തരവ് വനംവകുപ്പ് മന്ത്രി കെ.രാജു വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലെത്തി കൈമാറി. വെറ്ററിനറി സർവകലാശാലയിൽ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റായാണ് നിയമനം.നേരത്തെ ഇതേ തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു ഷീന. എപ്പോൾ വേണമെങ്കിലും ഇവർക്കു ജോലിയിൽ പ്രവേശിക്കാമെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഫെബ്രുവരി 25ന് കൈമാറിയിരുന്നു. മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ചത്.