ഇസ്‍ലാമാബാദ്: ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാക്കോട്ടിലെ മദ്രസയിലേക്ക് സന്ദർശനം നടത്താൻ വിദേശ മാദ്ധ്യമങ്ങൾക്ക് വിലക്ക്. ആക്രമണം നടന്നിട്ട് ഇതുവരയും വിദേശ മാദ്ധ്യമങ്ങളെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല. ആക്രമണത്തിൽ തകർന്ന് ജെയ്ഷെ ഭീകര കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ റോയിട്ടേഴ്സ് സംഘം ശ്രമിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ അവരെ കടത്തി വിട്ടില്ലെന്നാണ് റിപ്പോർട്ട്.
പ്രദേശത്തേക്ക് ചെല്ലുമ്പോൾ ഈ സ്ഥലം അടച്ചിട്ടിരിക്കുകയാണ് എന്ന സന്ദേശമാണ് നൽകുന്നത്. ആക്രമണം നടന്നതിന് ശേഷം മൂന്നാം തവണയാണ് റോയിട്ടേഴ്സ് സംഘത്തെ തടഞ്ഞത്. മാദ്ധ്യമ പ്രവർത്തകരെ കൊണ്ടുപോകുമെന്ന് പാകിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് രണ്ട് തവണ പാക്ക് സൈനിക വക്താവ് കൊണ്ടുപോകാമെന്ന് സമ്മതിച്ചെങ്കിലും സുരക്ഷാ കാരണങ്ങളും മോശമായ കാലാവസ്ഥയുമാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഭീകര ക്യാമ്പുകൾ തകർക്കപ്പെട്ടില്ലെന്നും ജീവഹാനി ഉണ്ടായിട്ടില്ലെന്നുമാണ് പാകിസ്ഥാന്റെ വാദം. ഇന്ത്യ ആൾപ്പാർപ്പില്ലാത്ത പ്രദേശത്താണ് ബോംബിട്ടതെന്നും പെെൻ മരങ്ങൾ മാത്രമാണ് നശിച്ചതെന്നുമാണ് പാകിസ്ഥാൻ വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയുടെ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെടുകയും പാകിസ്ഥാൻ ക്യാമ്പ് തകർക്കുകയും ചെയ്തുവെന്നാണ് സെെനി വൃത്തങ്ങൾ അറിയിച്ചത്.