ഭുവനേശ്വർ: ഇതിനുമുൻപ് രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരെക്കാൾ ഇന്ത്യയെ കുഴപ്പങ്ങളിൽ കൊണ്ടുചാടിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ഇതുവരെ രാജ്യം ഭരിച്ച മുഴുവൻ പ്രധാനമന്ത്രിമാർ പറഞ്ഞതിലേറെ നുണകൾ മോദി ഒറ്റയ്ക്കു പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു. ഒഡീഷയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് നിരവധി പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും പറഞ്ഞതിലുമധികം നുണകൾ നരേന്ദ്ര മോദി ഒറ്റയ്ക്കു പറഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യത്തെ ഒരിക്കലും അഭിമുഖീകരിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. റാഫേൽ ഇടപാട്, തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനങ്ങൾ.