ലണ്ടൻ: യു.ഇ.എഫ്.എ യൂറോപ്പ ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ ഇംഗ്ലീഷ് ക്ലബുകളായ ചെൽസി തകർപ്പൻ ജയവുമായി മുൻതൂക്കം നേടിയപ്പോൾ ആഴ്സനലിന് ഞെട്ടിക്കുന്ന തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഉക്രൈൻ ക്ലബായ ഡൈനാമോ കീവിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തകർത്തത്. പെഡ്രോ,വില്ല്യൻ, കല്ലും ഹഡ്സൺ ഒഡൂയി എന്നിവരാണ് ചെൽസിക്കായി സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആഴ്സനൽ ഫ്രഞ്ച് ക്ലബ് റെന്നേഴ്സിനോട് തോറ്റത്. ബെഞ്ചാമിൻ ബൗറീഗ്യുഡ്, ഇസ്മയില സർ എന്നിവർ റെന്നേഴ്സിനായി ലക്ഷ്യം കണ്ടപ്പോൾ ആഴ്സനൽ പ്രതിരോധ താരം നാച്ചോ മോൺറെയേലിന്റെ വകയായി സെൽഫ് ഗോളും അവരുടെ അക്കൗണ്ടിൽ എത്തി. അലക്സ് ഇവോബിയുടെ ഗോളിൽ മൂന്നാം മിനിറ്റിൽ ലീഡ് നേടിയ ശേഷമാണ് മൂന്ന് ഗോൾ വഴങ്ങി ആഴ്സനലിന്റെ തോൽവി. 41-ാം മിനിറ്റിൽ പാപ്സ്റ്റാത്തോപൗലോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ആഴ്സനലിന് തിരിച്ചടിയായി. നാപ്പൊളി, വലൻസിയ എന്നീ ടീമുകളും ജയം നേടി.