തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ പ്രചാരണത്തിൽ സജീവമായി ബി.ജെ.പി. ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനത്തിനായി ബി.ജെ.പി ചുവരെഴുത്ത് തുടങ്ങി. നേരത്തെ തന്നെ പ്രചാരണവും ആരംഭിച്ചു.സി.പി.ഐയുടെ സി ദിവാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എൽ.ഡി.എഫും സിറ്റിംഗ് എം.പി ശശി തരൂരിനെ നിറുത്തി യു.ഡി.എഫും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തിൽ അമിത് ഷായ്ക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന് ആർ.എസ്.എസ് നേതൃത്വവും നിലപാടെടുത്തു.
തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലേക്കാണ് കുമ്മനത്തിന്റെ പേരി സജീവമായി ഉയർന്നുവന്നത്. എന്നാൽ തിരുവനന്തപുരത്താണ് കൂടുതൽ സാദ്ധ്യതയെന്നതും, വട്ടിയൂർക്കാവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളും കുമ്മനത്തെ തലസ്ഥാന മണ്ഡലത്തിൽ തന്നെ മത്സരിപ്പിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.