ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് ബി.ജെ.പി കളത്തിറക്കുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെയെന്ന് റിപ്പോർട്ടുകൾ. ഇത്തവണ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും കനത്ത വെല്ലുവിളി ഉയർത്താനാണ് ബി.ജെ.പി മത്സരിപ്പിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗംഭീർ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നേരത്തെ, ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഗംഭീർ മുൻപ് വിമർശിച്ചിരുന്നു.
പുൽവാമ ഭീകരാക്രമണത്തിലും രൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. പുൽവാമയിലെ ചാവേർ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകണമെന്നും ഗംഭീർ ആവശ്യപ്പെട്ടിരുന്നു. രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകൾ നേടി കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയേയും അപ്രസക്തരാക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.