കോഴിക്കോട്: വയനാട്ടിലെ ലക്കിടിയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റ് സി.പി ജലീലിന്രെ മൃതദേഹം പോസ്റ്റുമോർട്ടത്തിന്ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോസ്റ്റുമോർട്ടം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൂർത്തിയായത്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ.കെ.പ്രസന്നൻ, അസി. പ്രൊഫസർമാരായ ഡോ.എസ്.കൃഷ്ണകുമാർ, ഡോ. ടി.എം.പ്രജിത് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
മൃതദേഹം മോർച്ചറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ തടിച്ചുകൂടിയിരുന്ന മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ആവേശത്തോടെയാണ് മൃതദേഹത്തെ എതിരേറ്റത്. തുടർന്ന് ഗ്രോ വാസുവും മുൻ നക്സലൈറ്റ് നേതാവ് രാവുണ്ണിയും സംസാരിച്ചു.