modi-

ന്യൂഡൽഹി: ലക്‌നൗവിൽ കാശ്മീരി കച്ചവടക്കാർക്കെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും എല്ലാ സംസ്ഥാന സർക്കാരുകളും കാശ്മീരി സഹോദരന്മാർക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കാശ്മീരി കച്ചവടക്കാരെ ആക്രമിച്ചവർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ ഉടൻ നടപടിയെടുത്തതായും മോദി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ കാൺപൂരിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.

ബുധനാഴ്ചയാണ് ലക്‌നൗവിൽ കാവി വേഷധാരികൾ ഡ്രൈഫ്രൂട്ട് വിൽപ്പനക്കാരായ കാശ്മീരികളെ ആക്രമിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിനെതുടർന്ന് വിശ്വ ഹിന്ദു ദൾ എന്ന സംഘടനയുടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.