കൊല്ലം: ഭക്തിയുടെ നിറവിൽ വലിയ കൂനമ്പായിക്കുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല അർപ്പിച്ച് ഭക്തസഹസ്രങ്ങൾ സായൂജ്യമടഞ്ഞു. ശ്രീഭദ്റകാളി ക്ഷേത്ര സന്നിധിയും പരിസരപ്രദേശങ്ങളും യാഗശാലയായി മാറി. ഒരു ദേശം മുഴുവനും ഭക്തിയുടെ നിറവിലായി. വൈകിട്ട് 6 മണിക്ക് ദേവീകീർത്തനങ്ങൾ ചൊല്ലിയും കൂനമ്പായിക്കുളത്തമ്മയെ വണങ്ങിയും ചന്ദ്രപ്പൊങ്കാല സമർപ്പിച്ചു. ഉത്സവത്തിന് കൊടിയേറി ആദ്യ വെള്ളിയാഴ്ചയാണ് ചന്ദ്രപ്പൊങ്കാല നടക്കുന്നത്.
ക്ഷേത്രശ്രീകോവിലിൽനിന്നു കൊളുത്തിയ ഭദ്റദീപം പണ്ടാര അടുപ്പിലേക്കും തുടർന്ന് പ്രദേശത്തെ പൊങ്കാല അടുപ്പുകളിലേക്കും പകർന്നതോടെ ക്ഷേത്രസന്നിധി ദേവീകടാക്ഷഭൂമിയായി. ജില്ലാ ശുചിത്വമിഷൻ നിർദ്ദേശങ്ങൾ പാലിച്ച് പൂർണമായും ഗ്രീൻ പ്രോട്ടോകാൾ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതെയാണ് പൊങ്കാല നടന്നത്.
പൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രം തന്ത്റി ജിതിൻ ഗോപാൽ ഭദ്റദീപം തെളിച്ചപ്പോൾ പതിനായിരങ്ങളുടെ കണ്ഠങ്ങളിൽനിന്ന് നാമസങ്കീർത്തനങ്ങൾ മുഴങ്ങി. ഇതേസമയം നീലാകാശത്ത് ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിനുചുറ്റും വട്ടമിട്ട് പറന്നത് ഭക്തരെ ആവേശത്തിലാഴ്ത്തി. ക്ഷേത്രകോമ്പൗണ്ടിന് പുറമേ ബൈപ്പാസിൽ കല്ലുംതാഴം മുതൽ മേവറം വരെയും തട്ടാമല, പള്ളിമുക്ക്, കൊച്ചുകൂനമ്പായിക്കുളം, പാലത്തറ ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രം, പാൽക്കുളങ്ങര ദേവീക്ഷേത്രം, അയത്തിൽ എന്നീ ഭാഗങ്ങളിലായാണ് നടന്നത്.
ക്ഷേത്രംതന്ത്റി കുമരകം ജിതിൻഗോപാലും മേൽശാന്തി സജീവ്ശാന്തിയും ചേർന്ന് പണ്ടാരഅടുപ്പിൽനിന്ന് പകർന്നുനൽകിയ ദീപം എല്ലാ പൊങ്കാല അടുപ്പുകളിലേക്കും പകർന്നു.
ആരോഗ്യവകുപ്പ്, കൊല്ലം കോർപറേഷൻ, കൊല്ലത്തെ പ്രധാന ആശുപത്രികൾ, കെ.എസ്.ആർ.ടി.സി, ഇലക്ട്രിസിറ്റിബോർഡ്, ഫയർഫോഴ്‌സ്, പൊലീസ്, ആംബുലൻസ് മറ്റു ക്ഷേത്ര സമിതികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സേവനവും ഉണ്ടായിരുന്നു. പൊങ്കാലയുടെ സമാപനം കുറിച്ചുകൊണ്ടുള്ള തീർത്ഥം തളിക്കലിൽ 200-ൽപ്പരം ശാന്തിമാർ പങ്കെടുത്തു. പൊങ്കാല അർപ്പിക്കാൻ എത്തിയവർക്ക് അന്നദാനവും ലഘുഭക്ഷണവിതരണവും നടത്തി.
ചന്ദ്രപ്പൊങ്കാലയ്ക്ക് ആക്ടിംഗ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി. ബൈജു, ജോയിന്റ് സെക്രട്ടറി വി. സുന്ദരേശൻ, ട്രഷറർ ഡി. ചന്ദ്രശേഖരൻ, എക്‌സിക്യൂട്ടീവ് അംഗം എ. അനീഷ്‌കുമാർ എന്നിവരും മറ്റു ക്ഷേത്രഭാരവാഹികളും നേതൃത്വം നൽകി.