ole-gunnar-solskjaer

തൊരു ജിന്നാണ് ബഹൻ! ചാർലി സിനിമയിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്ന ഈ ഡയലോഗ് തന്നെയാണ് ഒലെ ഗുണ്ണർ സോൾഷ്യർ എന്ന നോർവെക്കാരനെക്കുറിച്ച് മാഞ്ചസ്റ്രർ യുണൈറ്രഡിന്റെ കളിക്കാർക്കും ആരാധകർക്കും പറയാനുണ്ടാവുക.

കളിക്കാരനായും പരിശീലകനായും പ്രതിസന്ധിഘട്ടത്തിൽ ടീമിനെ കൈപിടിച്ചുയർത്തിയ ദൈവദൂതനാണ് മാഞ്ചസ്റ്റർ യുണൈറ്ര‌ഡിന് സോൾഷ്യർ. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ എല്ലാം അവസാനിച്ചിടത്തു നിന്ന് രണ്ട് തവണ ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് യുണൈറ്രഡ് തിരിച്ചെത്തിയത് സോൾഷ്യറുടെ കൈപിടിച്ചാണ്. ആദ്യം കളിക്കാരനായും ഇപ്പോൾ പരിശീലകനായും. രണ്ടു തവണയും അയാൾ പകരക്കാരന്റെ റോളിലെത്തിയാണ് ടീമിന്റെ രക്ഷകനായതെന്നത് അവിശ്വസനീയമായ സമാനതയാണ്.

1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലായിരുന്നു കളിക്കാരനായി സോൾഷ്യർ യുണൈറ്രഡിന്റെ രക്ഷകനായത്. അന്ന് ആറാം മിനിറ്രിൽ ബാസ്‌ലർ നേടിയ ഗോളിൽ തൊണ്ണൂറാം മിനിറ്ര് വരെ മുന്നിലായിരുന്ന ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെ കീഴടക്കി യുണൈറ്രഡ് ചാമ്പ്യൻമാരായത് അധിക സമയത്ത് നേടിയ ഗോളുകളിലൂടെയായിരുന്നു. 91-ാം മിനിറ്റിൽ ടെഡി ഷെറിംഗ്ഹാമിലൂടെ സമനില പിടിച്ച യുണൈറ്രഡിന്റെ 93-ാം മിനിറ്റിലെ വിജയഗോൾ പിറന്നത് 81-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ സോൾഷ്യറിന്റെ ബൂട്ടിൽ നിന്നായിരുന്നു.

ഇത്തവണ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പാരീസിൽ പി.എസ്.ജിക്കെതിരെ ചുവന്ന ചെകുത്താൻമാരുടെ മറ്രൊരു വമ്പൻ തിരിച്ചുവരവിന്റെ തിരക്കഥയും സംവിധാനവും സോൾഷ്യർ ആയിരുന്നു.

ആദ്യ പാദത്തിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ യുണൈറ്രഡിന് രണ്ടാം പാദത്തിൽ അധികമാരും സാധ്യത കൽപ്പിച്ചിരുന്നില്ല. പ്രത്യേകിച്ച് പോഗ്ബ, ലിൻഗാർഡ്, സാഞ്ചസ്, വലൻസിയ, മാർട്ടിയാൽ തുടങ്ങിയ വമ്പൻമാർക്കൊന്നും കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ. പക്ഷേ

സോൾഷ്യർ തോൽക്കാൻ തയ്യാറായിരുന്നില്ല. ലഭ്യമായ വിഭവങ്ങളെ കൃത്യമായി വിനിയോഗിച്ച് ഫുട്ബാളിൽ അവസാന വിസിൽ മുഴങ്ങും വരെ അസാധ്യമായി ഒന്നുമില്ലെന്ന് സോൾഷ്യർ ഒരിക്കൽക്കൂടി തെളിയിച്ചു. ദൈവവും തോൽക്കാൻ മനസില്ലാത്ത അയാൾക്കൊപ്പമായിരുന്നു. അതിന്റെ പ്രതിഫലമെന്നോണം ക്ലബിനെ സ്നേഹിക്കുന്ന എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് യുണൈറ്രഡ് മാനേജ്മെന്റ് താത്കാലികായി നൽകിയ പരിശീലക സ്ഥാനം സ്ഥിരമായി നൽകിയേക്കും.

ഹോസെ മൗറീഞ്ഞോയെന്ന ഹൈപ്രൊഫൈൽ പരിശീലകന്റെ കീഴിൽ തുടർച്ചയായി മോശം പ്രകടനങ്ങളും പാളയത്തിൽ പടയുമായി ഈ സീസണിൽ നട്ടം തിരിയുകയായിരുന്നു യുണൈറ്രഡ്. ഡിസംബറിൽ മൗറീഞ്ഞോയെ പുറത്താക്കിയ ഒഴിവിൽ സോൾഷ്യർ പരിശീലക സ്ഥാനം ഏറ്രെടുത്തതോടെ പക്ഷേ എല്ലാം കീഴ്മേൽ മറിയുകയായിരുന്നു. കളിക്കാരിൽ ആത്മവിശ്വസം നിറച്ച് ചുവന്ന ചെകുത്താൻമാരെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു സർ അലക്സ് ഫെർഗൂസന്റെ പ്രിയ ശിഷ്യൻ. പ്രിമിയർ ലീഗിൽ ആദ്യ നാലിൽ തിരിച്ചെത്തിയ അവർ ഇപ്പോൾ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലും എത്തിയിരിക്കുന്നു. ടീമിനെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് നയിച്ച അലക്സ് ഫെർഗൂസൻ എന്ന ചാണക്യന്റെ യഥാർത്ഥ പിൻഗാമിയായാണ് യുണൈറ്രഡ് ആരാധകർ കുട്ടിത്തം വിടാത്ത മുഖുള്ള ഈ സ്കാൻഡിനേവിയനെ കാണുന്നത്.