jammu-

ശ്രീനഗർ∙ ജമ്മു കാശ്മീരിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം ഗ്രനേഡ് ആക്രമണം നടത്തിയത് ഒമ്പതാം ക്ലാസുകാരനെന്ന് പൊലീസ്. ഗ്രനേഡ് സൂക്ഷിച്ചത് ചോറ്റുപാത്രത്തിലാണെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണം നടന്നു മണിക്കൂറുകൾക്കുള്ളിലാണ് കുൽഗാം സ്വദേശിയായ പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കുൽഗാമിൽ നിന്നു സ്വകാര്യ കാറിൽ യാത്രതിരിച്ച കുട്ടി വ്യാഴാഴ്ച രാവിലെയാണ് ജമ്മുവിലെത്തിയത്. ചോറ്റപാത്രത്തിനുള്ളിലാക്കി കൊണ്ടുവന്ന ഗ്രനേഡ് ബസിനുള്ളിൽ ഉപേക്ഷിച്ച ശേഷം അതേ കാറിൽ മടങ്ങുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.

യൂട്യൂബ് വിഡിയോകൾ കണ്ടാണ് ഗ്രനേഡ് ആക്രമണം നടത്താൻ കുട്ടി പരിശീലിച്ചത്. കുട്ടി സഞ്ചരിച്ച കാറും ഡ്രൈവറിനെയും കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും ജമ്മു ഐ.ജി എം.കെ.സിൻഹ പറഞ്ഞു.

ആക്രമണത്തിനു പിന്നിൽ ഹിസ്ബുൾ മുജാഹിദീൻ തന്നെയാണെന്നു സിൻഹ പറഞ്ഞു. കുൽഗാമിലെ ഹിസ്ബുൽ കമാൻഡർ ഫാറൂഖ് അഹമ്മദ് ഭട്ടിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്താൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തിരഞ്ഞെടുത്തത്. ജമ്മുവിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.