ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് റാഫേൽ കരാറുമായി ബന്ധപ്പെട്ട രേഖകൾ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളെന്നും എ.ജി പറഞ്ഞു. രേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാരൻ ഉപയോഗിച്ച് എന്നാണ് പറഞ്ഞതെന്നും എ.ജി വെള്ളിയാഴ്ച വൈകിട്ട് വിശദീകരിച്ചു.
രേഖകളുടെ ഫോട്ടോകോപ്പികൾ ഉപയോഗിച്ചാണ് പരാതിക്കാർ കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാനാണ് താൻ ശ്രമിച്ചത്. ഈ രേഖകൾ മോഷ്ടിക്കപ്പെട്ടു എന്ന് താൻ സുപ്രീംകോടതിയിൽ പറഞ്ഞതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് അറ്റോർണി ജനറൽ പി.ടി.ഐയോട് വ്യക്തമാക്കി.
പുനഃപരിശോധന ഹർജിക്കായി സമർപ്പിച്ച രേഖകൾ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാൽ അവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അറ്റോർണി ജനറൽ ബുധനാഴ്ച സുപ്രീം കോടതിയിൽ പറഞ്ഞത്. ഈ രേഖകൾ ഹാജരാക്കിയതിലൂടെ കുറ്റകരമായ പ്രവൃത്തിയാണ് ഹർജിക്കാര്‍ ചെയ്തതെന്നും കെ.കെ വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ മോഷ്ടിക്കപ്പെട്ട രേഖകളും പരിശോദിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് എ.ജി പ്രതികരിച്ചിട്ടില്ല.
സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു.ഇതിനെ തുടർന്നാണ് എ.ജി തിരുത്തലുമായി രംഗത്തെത്തിയത്.