ravi-pujari

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ‌്പ‌് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ സെനഗലിൽ നിന്നു വിട്ടുകിട്ടുന്നതിനുള്ള രേഖകൾ മൂന്ന‌് ദിവസത്തിനകം ബംഗളൂരുവിലെ നാഷണൽ സെൻട്രൽ ബ്യൂറോയ‌്ക്ക‌് (എൻ.സി.ബി) കൈമാറും. കടവന്ത്രയിലെ വെടിവയ‌്പ‌് ഉൾപ്പെടെ രവി പൂജാരയ‌്ക്കെതിരായ എല്ലാ കേസുകളും തെളിവുകളും ഫ്രഞ്ച‌് ഭാഷയിലേക്ക‌് മൊഴിമാറ്റം നൽകിയാണ‌് കൈമാറുന്നത‌്.

കേസിൽ മുഖ്യപ്രതിയായ രവി പൂജാരിയെ വിട്ടുകിട്ടുന്നതിന്റെ ഭാഗമായാണ‌് നൂറുപേജുള്ള പ്രാഥമിക കുറ്റപത്രം കോടതിയിൽ നൽകിയത‌്. സെനഗലിൽ അറസ‌്റ്റിലായ പൂജാരിയെ രണ്ട‌് മാസമേ അവിടെ ജയിലിൽ പാർപ്പിക്കാനാകൂ. അതിനകം കോടതി രേഖകളും കേസുകളും കൈമാറണം.
കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക‌് വെടിവച്ച കേസിലെ പ്രതികളെ സഹായിച്ചുവെന്ന‌് സംശയിക്കുന്ന കൊല്ലം സ്വദേശിയായ ഡോക‌്ടറെ കൂടുതൽ ചോദ്യംചെയ്യുമെന്ന‌് ക്രൈംബ്രാഞ്ച‌് ഡിവൈ.എസ‌്.പി ജോസി ചെറിയാൻ പറഞ്ഞു. ഇയാൾക്ക‌് പ്രതികളുമായി അടുത്ത ബന്ധമുണ്ട‌്. നടിയുടെ സുഹൃത്തുക്കളുമായും സൗഹൃദമുണ്ട‌്. ബ്യൂട്ടി പാർലറിന‌് നേരെ ആക്രമണമുണ്ടാകുമെന്ന‌് ആറ‌് ദിവസം മുമ്പ‌് ഷാഡോ പൊലീസിന‌് വിവരം നൽകിയത‌് ഇതേ ഡോക‌്ടറാണ‌്. എന്നാൽ ഈ വിവരത്തിന്റെ സ്രോതസ‌് സംബന്ധിച്ച‌് ഡോക‌്ടർ നൽകിയ വസ‌്തുതകൾ തെറ്റായിരുന്നുവെന്നും ജോസി ചെറിയാൻ പറഞ്ഞു.