റാഞ്ചി : എം.എസ്. ധോണിയുടെ നാടായ റാഞ്ചിയിൽ നായകൻ വിരാട് കൊഹ്ലിയുടെ സെഞ്ച്വറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓപ്പണർ ഉസ്മാൻ ഖ്വാജ നേടിയ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ ആസ്ട്രേലിയമൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 32 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഖ്വാജയുടെ (104) സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 313 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ കൊഹ്ലിയുടെ (123) സെഞ്ച്വറിയുടെ പിൻബലത്തിൽ പൊരുതി നോക്കിയെങ്കിലും 48.2 ഓവറിൽ 281 റൺസിന് ആൾഔട്ടാവുകയായിരുന്നു. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
3 വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിൻസും ജയ് റിച്ചാർഡ്സണുമാണ് ഇന്ത്യൻ മുന്നേറ്റത്തിന് തടയിട്ടത്. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.ടീം സ്കോർ 27ൽ എത്തിയപ്പോൾ മുൻനിരക്കാരായ ധവാൻ (1) രോഹിത് (14), അമ്പാട്ടി റായ്ഡു (2) എന്നിവർ തിരിച്ച് കൂടാരം കയറി. ധാവാനെ റിച്ചാഡ്സൺ മാക്സ്വെല്ലിന്റെ കൈയിൽ എത്തിച്ചപ്പോൾ രോഹിതിനെ കമ്മിൻസ് വിക്കറ്റ് മുന്നിൽ കുടുക്കിയും അമ്പാട്ടിയെ ക്ലീൻബൗൾഡാക്കിയും പറഞ്ഞു വിടുകയായിരുന്നു. തുടർന്ന് കൊഹ്ലി ധോണിയെ (26) കൂട്ടുപിടിച്ച് ഇന്ത്യയെ വൻതകർച്ചയിൽ നിന്ന് കരകയറ്രി. എന്നാൽ ടീം സ്കോർ 86ൽ എത്തിയപ്പോൾ ധോണിയെ സാംപ ക്ലീൻ ബൗൾഡാക്കി കംഗാരുക്കൾക്ക് ബ്രേക്ക് ത്രൂ നൽകി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.
95 പന്തിൽ 16 ഫോറും 1 സിക്സും ഉൾപ്പെട്ടതായിരുന്നു കൊഹ്ലിയുടെ 123 റൺസിന്റെ സെഞ്ച്വറി ഇന്നിംഗ്സ്. ഏകദിനത്തിൽ വേഗത്തിൽ 4000 റൺസ് തികയ്ക്കുന്ന നായകനെന്ന റെക്കാഡും കൊഹ്ലി സ്വന്തമാക്കി. കൊഹ്ലിയുടെ 41-ാം ഏകദിന സെഞ്ച്വറിയാണിത്. തുടർച്ചയായി രണ്ടാമത്തേതും.
നേരത്തേ ഖ്വാജയും ഫിഞ്ചും (93) തകർപ്പൻ തുടക്കമാണ് ആസ്ട്രേലിയയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 193 റൺസ് കൂട്ടിച്ചേർത്തു. ഫിഞ്ചിനെ എൽബിയിൽ കുരുക്കി കുൽദീപാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ മാക്സ്വെൽ (47), സ്റ്റോയിനിസ് (പുറത്താകാതെ 31) എന്നിവരും നിർണായക സംഭാവന നൽകി. 113 പന്ത് നേരിട്ട് 11 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ഖ്വാജയുടെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കായി കുൽദീപ് 3 വിക്കറ്റ് വീഴ്ത്തി.