ambani-

മുംബയിലെ പൊലീസ് സ്റ്റേഷനുകളിൽ എത്തിയ പെട്ടികൾ തുറന്നപ്പോൾ പൊലീസുകാർ ഞെട്ടി. പെട്ടിനിറയെ മധുരപലഹാരങ്ങൾ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പൊലീസുകാർക്ക് സർപ്രൈസ് സമ്മാനം എത്തിച്ചത്. മകൻ ആകാശിന്റെ വിവാഹം പ്രമാണിച്ച് മധുരപലഹാരങ്ങൾ നിറച്ച 50,000 പെട്ടികളാണു മുംബയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയത്.

മുംബയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും മധുപലഹാരങ്ങൾ എത്തിയെന്നു പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ‘‘ആകാശും ശ്ലോകയും വിവാഹിതരാകുന്ന ഈ സന്തോഷകരമായ അവസരത്തിൽ നിങ്ങളുടെ ആശംസകളും അനുഗ്രഹങ്ങളും അഭ്യർത്ഥിക്കുന്നു’’ എന്ന കുറിപ്പിനൊപ്പം നിത അംബാനി, മുകേഷ് അംബാനി, മക്കളായ ഇഷ, അനന്ദ്, മരുമകൻ ആനന്ദ് എന്നിവരുടെ പേരുകളും ചേർത്തിട്ടുണ്ട്.


മാർച്ച് 9 ന് ബാന്ദ്രയിലുള്ള ജിയോ വേൾഡ് സെന്ററിലാണ് ആകാശ് അംബാനി–ശ്ലോക മേത്ത വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാളാണ്.