അമിതവേഗം ആപത്താണെന്ന് അറിയാമെങ്കിലും ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നത് റോഡിലെ സ്ഥിരം കാഴ്ചയാണ്. അപകടങ്ങളിൽപ്പെട്ട് നിരവധിപേരാണ് ദിനംപ്രതി മരിക്കുന്നത്. ഡ്രൈവർമാരുടെ അശ്രദ്ധയും അപകടങ്ങളിലേക്ക് വഴിതെളിക്കാറുണ്ട്. അമിതവേഗതയും അശ്രദ്ധയും എല്ലാവരെയും ഓർമിപ്പിക്കുന്ന ഒരു വീഡിയോ ആണിത്. ഇവിടെ ബൈക്കിന്റെ വേഗം മാത്രമല്ല പെട്രോൾ പമ്പിലേയ്ക്ക് കയറാൻ തിരിഞ്ഞ ചെറുവാഹനത്തിലെ ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണമായി.
ചെറുഗുഡ്സ് വാഹനം പെട്രോൾ പമ്പിലേയ്ക്ക് തിരിച്ചപ്പോഴായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും ബൈക്ക് ഓടിച്ചിരുന്ന ആൾക്ക് സാരമായ പരിക്കുകളുണ്ടായെന്ന് വിഡിയോയിൽ കാണാം. എതിർദിശയിൽ നിന്നും വന്ന വാഹനം പെട്രോൾ പമ്പിലേയ്ക്ക് കയറുമ്പോൾ രണ്ടാമത്തെ എൻട്രി ഉപയോഗിക്കണം എന്നാണെങ്കിലും ആദ്യത്തെ എൻട്രിയാണ് ഉപയോഗിക്കുന്നത്. ബൈക്കും അമിത വേഗത്തിലെത്തിയതോടെ അപകടം നടക്കുകയായിരുന്നു.
അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂർണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങൾക്കു കാരണം. അല്പമൊന്നു ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാനാവും.