മുംബെയ്: ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിൽ പോയത് വിനോദയാത്രയ്ക്കല്ല മറിച്ച് ജെയ്ഷെ ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഭീകരവാദത്തെ സ്വന്തം മണ്ണിൽ വളർത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാന് പഠിപ്പിച്ച് കൊടുത്തെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കോൺഗ്രസിനെതിരെയും കേന്ദ്രമന്ത്രി തുറന്നടിച്ചു. ഒസാമ ബില്ലാദനെയും ഹാഫിസ് സയ്യിദിനെയും ഒസാമ ജി,ഹാഫിസ് ജി എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് തീവ്രവാദികളെ ബഹുമാനിക്കുകയാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. ബാലാകോട്ടിലെ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്നത് ദുഖകരമാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സെെന്യം എണ്ണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് പ്രാവശ്യമാണ് ഭീകരരുടടെ കേന്ദ്രങ്ങൾ നമ്മുടെ സെെന്യത്തിന് തകർക്കാനായത്. തീവ്രവാദത്തെ ചെറുത്ത് തോൽപ്പിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് നിൽക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.