തിരുവനന്തപുരം : പൊതുനിരത്തിൽ മാലിന്യം നൽകുന്നത് അവസാനിപ്പിക്കാൻ അടവുകൾ പലതും പയറ്റിയ നഗരസഭ ചുവട് മാറ്റുന്നു. മാലിന്യം കുന്നുകൂടുന്ന മേഖലകളിൽ രാത്രിയും പകലും ഒരു പോലെ ദൃശ്യങ്ങൾ പകർത്തുന്ന കാമറകളുമായാണ് മാലിന്യം തള്ളുന്നവരെ പിടികൂടാനെത്തുന്നത്. രഹസ്യമായി സ്ഥാപിക്കാൻ കഴിയുന്ന പതിനഞ്ച് കാമറകളാണ് നഗരസഭ വിവിധ ഹെൽത്ത് സർക്കിളുകൾക്ക് വിതരണം ചെയ്തത്. ആവശ്യാനുസരണം ഇവയെ മാറ്റി സ്ഥാപിക്കാം. ഒരാഴ്ചവരെ ദൃശ്യങ്ങൾ പകർത്താനും അവ ശേഖരിച്ചുവയ്ക്കാനും ശേഷിയുള്ള കാമറകളാണ് നൽകിയിരിക്കുന്നത്. ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിഞ്ഞ് പിഴചുമത്തും. മാലിന്യം തള്ളുന്ന വാഹനങ്ങളെ അനായാസം പിടികൂടാനും ഇതിലൂടെ കഴിയും. 21ലക്ഷം ചെലവഴിച്ചാണ് കാമറകൾ വാങ്ങിയത്.
മാലിന്യം കുന്നുകൂടുന്നത് പതിവായ 15 സർക്കിളുകളിലാണ് കാമറകൾ നൽകിയത്. മെഡിക്കൽ കോളേജ്, കരമന, ശാസ്തമംഗലം, ചെന്തിട്ട, ശ്രീകണ്ഠേശ്വരം, ഉള്ളൂർ, ഫോർട്ട്, കഴക്കൂട്ടം, ബീച്ച്, ജഗതി, മണക്കാട്, ചാല, നന്ദൻകോട് സർക്കിളുകൾക്കാണ് ആദ്യഘട്ടത്തിൽ കാമറകൾ നൽകിയത്. മാലിന്യം പതിവായി എത്തുന്ന സ്ഥലങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടി പിഴചുമത്താനും മാലിന്യം വലിച്ചെറിയുന്നത് കർശനമായി തടയാനും പുതിയ നടപടിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കാനെത്തിയവരെ തടഞ്ഞ താത്കാലിക തൊഴിലാളികൾക്ക് അടുത്തിടെ ക്രൂരമർദ്ദനം ഏറ്റിരുന്നു. തുടർന്നാണ് പരസ്യമായ ഏറ്റുമുട്ടലിന് നിൽക്കാതെ കുറ്റക്കാരെ കണ്ടെത്താൻ പുതിയ മാർഗം നഗരസഭ കണ്ടെത്തിയത്. ഇതോടൊപ്പം രാത്രികാല പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന മൊബൈൽ പട്രോളിംഗ് സംഘമാണ് പരിശോധന നടത്തുന്നത്.
വലിച്ചെറിയേണ്ട, മാലിന്യ നിർമ്മാർജനത്തിന് വഴികൾ പലത്...
കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാൽ ഉറവിടമാലിന്യ സംസ്കരണമാണ് നഗരസഭ നടപ്പിലാക്കുന്നത് ഇതിനായി കിച്ചൺബിന്നുകളും എയ്റോബിക് ബിന്നുകളും വ്യാപകമാക്കിയിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യം ശേഖരിക്കാൻ നഗരസഭ ആവിഷ്കരിച്ച 'അജൈവ മാലിന്യശേഖരണ കലണ്ടർ പ്രകാരം 46 കേന്ദ്രങ്ങളിൽ കൗണ്ടറുകളും തുറന്നിട്ടുണ്ട്. ഈ കൗണ്ടറുകളിൽ പ്ലാസ്റ്റിക് എല്ലാ ദിവസവും ശേഖരിക്കും. പുനരുപയോഗിക്കാൻ കഴിയാത്ത ചെരുപ്പ്, കുപ്പികൾ, പൊട്ടിയതും പൊട്ടാത്തതുമായ ഗ്ലാസ് എന്നിവ മൂന്നുമാസത്തിലൊരിക്കലും, ആറുമാസത്തിലൊരിക്കൽ ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും. കൂടാതെ ചിരട്ട, തൊണ്ട് എന്നിവയും കൗണ്ടറുകളിൽ നൽകാം. പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒമ്പതുവരെ രണ്ട് ഷിഫ്റ്റുകളായാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
വഴികാട്ടും സ്മാർട്ട് ട്രിവാൻഡ്രം
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ നഗരസഭയ്ക്കും മലിന്യങ്ങൾ എവിടെ കൈമാറണമെന്ന് പൊതുജനങ്ങൾക്കും വഴികാട്ടുന്ന സ്മാർട്ട് ട്രിവാൻട്രം മൊബൈൽ ആപ്ലിക്കേഷനും നഗരസഭ പുറത്തിറക്കിയിട്ടുണ്ട്. എയ്റോബിക് ബിന്നുകൾ എവിടെയാക്കെയാണെന്ന് കൃത്യമായി ആപ്ലിക്കേഷൻ കാട്ടിത്തരും.
മാലിന്യ ശേഖരണത്തിനായി കലണ്ടറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യുന്നവർക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള എയ്റോബിക് ബിൻ യൂണിറ്റ്, സംഭരണ കേന്ദ്രം എന്നിവയുടെ സ്ഥാനം ജി.പി.എസിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിയും.
അജൈവ മാലിന്യശേഖരണ കലണ്ടർ പ്രകാരം ഓരോ ഇനം മാലിന്യവും ശേഖരിക്കുന്നത് സംബന്ധിച്ച് മുൻകൂർ അറിയിപ്പുകൾ ഇതിലൂടെ ലഭ്യമാകും. നഗരസഭ ഒരുക്കുന്ന പ്രത്യേക പരിപാടികൾ സംബന്ധിച്ചും ആപിലൂടെ അറിയാൻ കഴിയും.
കേന്ദ്രീകൃതമാലിന്യ സംവിധാനത്തിന്റെ അഭാവത്തിലും ഉറവിടമാലിന്യ സംസ്കരണത്തിലൂടെ മാലിന്യനിർമ്മാർജനം കാര്യക്ഷമമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. വാഹനങ്ങളിലെത്തി വൻതോതിൽ മാലിന്യം തള്ളുന്നവർ ഇപ്പോഴും അത് തുടരുകയാണ്. പുതിയ കാമറകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ അത് അവസാനിക്കും.-വി.കെ.പ്രശാന്ത് (മേയർ)