തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്നുപോയി. സമൂഹത്തിന്റെ ഒരു ഭാഗത്ത് തന്റേതായ ഇടം കണ്ടെത്താൻ ഒരു കൂട്ടം വനിതകൾ പോരാടുമ്പോൾ സഞ്ചാരസ്വാതന്ത്ര്യത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനുമായി മറുഭാഗത്ത് യുദ്ധം തന്നെ അരങ്ങേറുന്നു.
പാതിരാത്രിയിലും പട്ടാപ്പകലും സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനൊരു പാത, പ്രാഥമിക ആവശ്യങ്ങൾക്കായി ഇ- ടോയ ്ലെറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, സ്മാർട്ട് ബസ് സ്റ്റോപ്പുകൾ, സ്ത്രീ സൗഹൃദ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി വനിതാ വാക്ക് വേ പദ്ധതി. അതും തലസ്ഥാനത്ത്. "എത്ര നല്ല നടക്കാത്ത സ്വപ്നം "എന്ന ശ്രീനിവാസൻ ഡയലോഗ് പോലെയായിരിക്കുകയാണ് തിരുവനന്തപുരം നഗരസഭയുടെ വനിതാ വാക്ക് വേ പദ്ധതി. പ്രഖ്യാപിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വനിതാ വാക്ക് വേ പദ്ധതി പേപ്പറിൽ ഇഴയുകയാണ്. തലസ്ഥാനത്തെ രണ്ട് പ്രധാനപ്പെട്ട വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വഴുതക്കാട്ട് നഗരസഭ വിഭാവനം ചെയ്ത പദ്ധതിക്ക് വില്ലനാകുന്നത് പി.ഡബ്ലിയു.ഡി തന്നെ. വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ മുതൽ വിമെൻസ് കോളേജ് വരെയുള്ള റോഡിനെയാണ് വനിതാ വാക്ക് വേയാക്കാൻ നഗരസഭ 2016ൽ പദ്ധതി തയ്യാറാക്കിയത്. രണ്ട് കോടി രൂപ ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു.
പദ്ധതി നടപ്പിലാക്കേണ്ടത് പി.ഡബ്ലിയു.ഡി. റോഡിലാണെന്നും ഇതിനായി അധികൃതരുടെ സമ്മതം ആവശ്യമാണെന്നും നഗരസഭ ഓർത്തില്ലെന്നതാണ് സത്യം. പദ്ധതിയുമായി മുന്നോട്ട് പോയപ്പോഴാണ് ഭൂതം കുപ്പിയിൽ നിന്ന് പുറത്ത് ചാടിയത്. കോടിക്കണക്കിന് രൂപ മുടക്കി നാല് വർഷം മുമ്പ് നവീകരിച്ച റോഡും ഫുട്പാത്തുമൊന്നും കുത്തിപ്പൊളിക്കാൻ സമ്മതിക്കില്ലെന്ന നിലപാടുമായി പി.ഡബ്ലിയു.ഡി. എത്തി. പദ്ധതിക്കായി വിമെൻസ് കോളേജ് കാമ്പസിൽ നിന്നു അല്പം സ്ഥലം ആവശ്യമാണ്. ഇത് നൽകാനാകില്ലെന്നതാണ് കോളേജ് ആധികൃതരുടെ വാദം. പുറത്ത് നിന്നുള്ളവർ കോളേജ് കാമ്പസിൽ കയറുന്നതിന് കാരണമാകുന്ന ഈ നവീകരണം കലാലയത്തിന്റെ സ്വസ്ഥത തകർക്കുമെന്ന് കോളേജും വാദിച്ചതോടെ പദ്ധതി പാതിവഴിയിൽ അവസാനിച്ച നിലയിലാണ്.
കൂടാരം കെട്ടാൻ ഞങ്ങളും സമ്മതിക്കില്ല
റോഡിന്റെ ഇരുവശവും അടച്ചുള്ള പാത്ത് വേ നിർമ്മാണം കച്ചവടത്തെ ബാധിക്കുമെന്നാണ് സമീപത്തെ കടക്കാരുടെ വാദം. അതിനാൽ തന്നെ കെട്ടിയടച്ചുള്ള നിർമ്മാണം അനുവദിക്കാനാകില്ലെന്നും വ്യാപാരികൾ പറയുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. എൻ.ഒ.സിക്കായുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഈ വർഷം വാക്ക് വേ നടപ്പിൽ വരുത്തും.-
രാഖി രവികുമാർ (ഡെപ്യൂട്ടിമേയർ)