തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കമ്മിഷനുകൾ ഒറ്റ മന്ദിരത്തിൽ പ്രവർത്തിപ്പിക്കാൻ നഗരത്തിന്റെ ഹൃദയ ഭാഗമായ പട്ടത്ത് നൂതന സാങ്കേതിക സൗകര്യങ്ങളോടെ പുതിയ മന്ദിര സമുച്ചയം ഒരുങ്ങുന്നു. മന്ദിരത്തിന് ഇന്നലെ രാവിലെ മന്ത്രി ജി.സുധാകരൻ ശിലാസ്ഥാപനം നിർവഹിച്ചു.
പട്ടം ജംഗ്ഷനു സമീപം ഇ.പി.എഫ്, ലീഗൽ മെട്രോളജി ഓഫീസ് കെട്ടിടങ്ങൾക്കടുത്ത്, പൊതുമരാമത്ത് വകുപ്പിന്റെ 50 സെന്റ് സ്ഥലത്ത് പത്തു നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുക. കെട്ടിടം പൂർത്തിയാകുമ്പോൾ ഏഴ് കമ്മിഷൻ ആസ്ഥാനങ്ങൾ ഇവിടേക്കു മാറും.
നിലവിൽ നഗരത്തിൽ പലേടത്തായുള്ള കമ്മിഷൻ ഓഫീസുകളിൽ എത്താൻ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. വാടക കെട്ടിടങ്ങളിലുള്ള കമ്മിഷനുകൾ പുതിയ കെട്ടിടത്തിലേക്കു മാറുന്നതോടെ ആ വഴിക്കുള്ള സാമ്പത്തിക നഷ്ടവും ഇല്ലാതാവും.
മന്ദിരത്തിന് 45 കോടിയുടെ ഭരണാനുമതിയാണ് പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുള്ളത്. 35 കോടി കെട്ടിട നിർമ്മാണത്തിനും 10 കോടി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് പ്രവൃത്തികൾക്കും. ഒന്നര വർഷത്തിനകം പണി തീർക്കണം. 8664 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് ഭൂനിരപ്പിനു താഴെ മൂന്നു നിലകളും ഗ്രൗണ്ട് ഫ്ളോറിനു മുകളിൽ ആറുനിലകളും ഉണ്ടാകും. വിശാലമായ പാർക്കിംഗ് മേഖലയും കോർട്ട് ഹാളും ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടും. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ മേൽ
നോട്ടം. സേഫ് മെട്രിക്സ് എന്ന സ്ഥാപനമാണ് കെട്ടിടം രൂപകല്പന ചെയ്തത്. ഓരോ നിലകളിലും പ്രത്യേക ശൗചാലയങ്ങളും, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ,
രണ്ട് ലിഫ്റ്റ്, വിശാലമായ ലോബികൾ, ലൈബ്രറി, കാന്റീൻ, അംഗപരിമിതർക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിലാസ്ഥാപന ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ വി.കെ.പ്രശാന്ത്, ചീഫ് എൻജിനിയർ ഇ.കെ.ഹൈദ്രു, ചീഫ് എൻജിനിയർ (ഹൈവെ) അശോക് കുമാർ, സൂപ്രണ്ടിംഗ് എൻജിനിയർ ഡി.ഹരിലാൽ, മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി മുഹമ്മദ് റാഫി, സ്പെഷ്യൽ ബിൽഡിംഗ്സ് എക്സിക്യൂട്ടിവ് എൻജിനിയർ ജ്യോതി .ആർ എന്നിവർ പങ്കെടുത്തു.
കെട്ടിടസമുച്ചയം പൂർത്തിയാവുമ്പോൾ ഇവിടേക്ക് എത്തുന്ന കമ്മിഷനുകൾ
പുതിയ കാലം പുതിയ നിർമ്മാണം എന്ന ഈ സർക്കാരിന്റെ ആശയം പ്രാവർത്തികമാക്കും വിധമാണ് ഈ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക മാതൃകയിൽ സൗരോർജ വൈദ്യുതി ഉപയോഗിച്ച് ഗ്രീൻ ബിൽഡിംഗ് ആശയം ഉൾപ്പെടുത്തിയാണ് കെട്ടിടത്തിന്റെ രൂപകല്പന. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും-
ജി.സുധാകരൻ,(പൊതുമരാമത്ത് വകുപ്പ് മന്ത്രി)