തിരുവനന്തപുരം: നവീകരിക്കുന്ന പാർവതി പുത്തനാറിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് തടയുന്നതിനായുള്ള സെപ്ടിക് ടാങ്ക് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വള്ളക്കടവ് ജൈവവൈവിദ്ധ്യ ബോർഡിനോട് ചേർന്നുള്ള ബോട്ടുപുര റോഡിലെ കുടുംബങ്ങൾക്ക് പൈലറ്റ് പദ്ധതിയായാണ് സെപ്ടിക് ടാങ്ക് നിർമ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകും. കോവളം മുതൽ ആക്കുളം വരെ പാർവതി പുത്തനാറിന്റെ ഇരുകരകളിലുമായി കോവളം, പനത്തുറ, തിരുവല്ലം, ഇടയാർ, മൂന്നാറ്റുമുക്ക്, പൂന്തുറ എസ്.എം ലോക്ക്, മുട്ടത്തറ, പൊന്നറ പാലം, പുത്തൻപാലം, കാരാളി, കരിക്കകം, വേളി, ആക്കുളം എന്നിവിടങ്ങളിലും ആറ്റിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നുണ്ട്. ഇരുകരകളിലുമുള്ള 680 വീടുകളിൽ സെപ്ടിക് ടാങ്ക് സ്ഥാപിക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ശുചിത്വ മിഷനും കോർപറേഷനും കൂടിയാണ് അത് നടപ്പാക്കേണ്ടത്. സർക്കാരിന്റെ അനുമതി കിട്ടി വരാൻ ചിലപ്പോൾ ഒരു വർഷം വരെ സമയമെടുത്തേക്കാം.
പുത്തനാർ പുത്തനാക്കാൻ
കോവളം മുതൽ കാസർകോട് വരെയുള്ള ജലപാതാവികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണിലാണ് കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) പാർവതി പുത്തനാറിന്റെ ശുചീകരണം ഏറ്റെടുത്തത്. ആദ്യഘട്ടം നെതർലൻഡ്സിൽ നിന്നു വാങ്ങിയ സിൽറ്റ് പുഷർ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആറ് മാസം കൊണ്ടാണ് ശുചീകരണം പൂർത്തിയാക്കിയത്. 42 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിന് ചെലവിട്ടത്. ആക്കുളം മുതൽ പനത്തുറ വരെ 13 കിലോമീറ്ററിൽ അടിഞ്ഞുകൂടിയിരുന്ന പ്ളാസ്റ്റിക്കും ഇരുമ്പ് അവശിഷ്ടങ്ങളും ഉൾപ്പെടെ 60 ലോഡ് മാലിന്യമാണ് ആഴം കൂട്ടലിന്റെ ഭാഗമായി പുത്തനാറിൽ നിന്ന് നീക്കിയത്.
മുട്ടത്തറ, പൊന്നറ പാലം, ചാക്ക തുടങ്ങിയിടങ്ങളിലൊക്കെ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ട അവസ്ഥയിലായിരുന്നു.
ചെലവ് ചുരുക്കി രണ്ടാം ഘട്ടം
നേരത്തേ 100 കോടി രൂപയ്ക്കു മുകളിൽ ചെലവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് ചെലവ് ചുരുക്കി 53 കോടിയാക്കിയത്. ഇതിൽ 14 കോടി രൂപ പനത്തുറയിലെ പാലത്തിനാണ്. വാഴമുട്ടത്ത് വാഹനങ്ങൾക്കുള്ള പാലവും നിലവിലെ പാലം സ്ഥിതിചെയ്യുന്ന പനത്തുറയിൽ കാൽനടപ്പാലവും നിർമിക്കാനാണ് വിദഗ്ദ്ധസമിതിയുടെ ശുപാർശ. പാർവതി പുത്തനാറിലേക്ക് ടോയ്ലറ്റ് മാലിന്യം ഒഴുക്കിവിടുന്നതു ശാശ്വതമായി തടയാൻ ഇരുകരകളിലുമുള്ള 600 വീടുകളിൽ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാൻ 1.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
വീഡ് ഹാർവെസ്റ്റർ ഇന്നെത്തും
പുത്തനാറിലെ കുളവാഴകൾ നീക്കുന്നതിനായി വീഡ് ഹാർവെസ്റ്റർ എന്ന യന്ത്രം ഇന്ന് എത്തും. ആദ്യഘട്ടത്തിൽ ചാക്ക മുതൽ വള്ളക്കടവ് വരെയും പിന്നാലെ ചാക്ക മുതൽ ആക്കുളം വരെയുമുള്ള കുളവാഴകളാണ് നീക്കുന്നത്. സെപ്ടിക് മാലിന്യത്തിലെ നൈട്രജനും ഫോസ്ഫറസുമാണ് കുളവാഴകളുടെ വളർച്ചയെ സഹായിക്കുന്നത്.
കുളവാഴകൾ പുത്തനാറിലെത്തുന്നത് തെക്കിനക്കര കനാൽ വഴിയാണ്. കരിയൽ തോടിലൂടെയുള്ള മാലിന്യങ്ങളിൽ കുളവാഴ ധാരാളമുണ്ട്. അതിനാൽ തന്നെ ഇവ നീക്കം ചെയ്താലും വീണ്ടും വളരുന്ന സ്ഥിതിയാണ്. വള്ളക്കടവ് വരെ സെപ്ടിക് ടാങ്ക് നിർമ്മിച്ചാൽ കുളവാഴയെ നിയന്ത്രിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പൈലറ്റ് പദ്ധതി ഇങ്ങനെ
36 വീടുകൾക്ക് 10 സെപ്ടിക് ടാങ്കുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ആറെണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ആറ് വീടുകൾക്ക് ഒരു ടാങ്ക് എന്ന നിലയിലാണ് നിർമ്മാണം. ഓരോ കുടുംബത്തിനും വെവ്വേറെ ടാങ്ക് നിർമ്മിക്കാനുള്ള സ്ഥലപരിമിതി കാരണമാണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ വള്ളക്കടവ് വരെയുള്ള കക്കൂസ് മാലിന്യം പാർവതി പുത്തനാറിൽ എത്തുന്നത് നിറുത്താനാകും. വള്ളക്കടവിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് മാത്രമാണ് കക്കൂസ് മാലിന്യം പുത്തനാറിലെത്തുന്നത്. ശേഷിക്കുന്നത് വള്ളക്കടവ് മുതൽ തിരുവല്ലം ഭാഗത്തേക്കാണ് ഒഴുക്കുന്നത്.
പൈലറ്റ് പദ്ധതി
നീക്കിവച്ചിരിക്കുന്ന തുക
ശുചീകരണം : 55 ലക്ഷം
ആഴം കൂട്ടൽ : 5.8 കോടി
തീരം ബലപ്പെടുത്തൽ : 13.3 കോടി
ബോട്ട് ജെട്ടികൾ : 7.45 കോടി
പാലങ്ങൾ : 14.7 കോടി
ബയോഗ്യാസ് പ്ലാന്റുകൾ : 2 കോടി
സൗന്ദര്യവത്കരണം : 5 കോടി
ബോട്ടുകൾ : 1.6 കോടി