തിരുവനന്തപുരം: മാർക്കറ്റിൽ സുലഭമല്ലാത്തതും അന്യം നിന്ന് പോകുന്നതുമായ കൗതുകവസ്തുക്കൾ, ലോഹത്തിലും കളിമണ്ണിലും മരത്തിലും തീർത്ത ആഭരണങ്ങൾ, പരമ്പരാഗത കൈത്തറിയിൽ നെയ്തെടുത്ത വസ്ത്രങ്ങൾ.....വി.ജെ.ടി ഹാളിൽ നടക്കുന്ന കരകൗശല കൈത്തറി വിപണന മേളയാണ് കരവിരുതിന്റെയും വസ്ത്ര വൈവിദ്ധ്യങ്ങളുടെയും പ്രപഞ്ചമൊരുക്കി കാണികളെ ആകർഷിക്കുന്നത്. സംസ്ഥാന കരകൗശല വികസന കോർപറേഷനാണ് നാടിന്റെ പാരമ്പര്യം പ്രകടമാക്കുന്ന കരകൗശലവസ്തുക്കളുമായി മേളയൊരുക്കിയിരിക്കുന്നത്. ഇത്തരം വസ്തുക്കളുടെ മേന്മയും മഹിമയും, അവ ഉപയോഗിക്കുന്നതുമൂലം ലഭിക്കുന്ന ഗുണങ്ങളും നാടിനുണ്ടാകുന്ന നേട്ടങ്ങളെയും സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരകൗശല വികസന കോർപറേഷൻ ഇത്തരമൊരു മേള സംഘടിപ്പിച്ചിരിക്കുന്നത്. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിനും ഇത്തരം മേളകൾ അവസരമൊരുക്കുന്നു.
മുപ്പതിലധികം വരുന്ന സ്റ്റാളുകളിലായി ഈട്ടിത്തടിയിൽ നിർമ്മിച്ചിരിക്കുന്ന ആനകൾ, ഈട്ടിയിലും കുമ്പിൾ തടിയിലും തീർത്ത വിവിധതരം ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, അതിപുരാതനകാലം മുതലുള്ള നെട്ടൂർ പെട്ടി, ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ അറന്മുള കണ്ണാടി തുടങ്ങിയ തനതായ കേരളീയ ഉത്പന്നങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ മാത്രമല്ല ആവശ്യക്കാരെ കാത്തിരിക്കുന്നത്. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുടെ ചെറുതല്ലാത്ത ശേഖരവും ഇവിടെയുണ്ട്. രാജസ്ഥാനിൽ നിന്നുള്ള വിവിധതരം ബെഡ്ഷീറ്റുകളാണ് അവയിൽ മുഖ്യം. ചെറിയ വിലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വസ്ത്രങ്ങളും മേളയിൽ കാണാം.
സ്ത്രീകൾക്കുള്ള ടോപ്പിന് 200 രൂപ മുതലാണ് വില. ഷാളുകൾ, ചുരിദാറുകൾ, ടീഷർട്ടുകൾ, ജൂട്ടിൽ തീർത്ത വസ്ത്രങ്ങൾ, ഷോൾഡർ ബാഗുകൾ, പഴ്സുകൾ എന്നിങ്ങനെ ആവശ്യക്കാരന്റെ മനം നിറയ്ക്കാൻ ഉത്പന്നങ്ങൾ നിരവധിയാണിവിടെ. ആഭരണങ്ങളിലും കാണാം കരകൗശലത്തിന്റെ തനിമ. പരമ്പരാഗത, മോഡേൺ രീതിയിലുള്ള ആഭരണങ്ങൾ, സിൽവർ, ബ്ലാക്ക് മെറ്റലിൽ തീർത്ത കമ്മലുകൾ, മാലകൾ, കൊലുസ്, ലോക്കറ്റ് എന്നിവ ആകർഷകമാണ്. മുളയിലുള്ള പുട്ടുകുറ്റി വരെയുള്ള വീട്ടുപകരണങ്ങൾ, വിവിധതരം ചെടികളുടെ വിത്തുകൾ എന്നിങ്ങനെ നിത്യജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് കരകൗശല വികസന കോർപറേഷൻ. കഴിഞ്ഞ 3 മുതലാണ് മേള ആരംഭിച്ചത്.
കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാറാണ് മേള ഉദ്ഘാടനം ചെയ്തത്. രാവിലെ 10 മുതൽ വൈകിട്ട് 12വരെയാണ് പ്രവേശനം. മേള 12ന് സമാപിക്കും.