ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നിവിൻപോളി നിർവഹിച്ചു. ജയസൂര്യ രചന നിർവഹിക്കുന്ന സച്ചിനിൽ ധ്യാനിനൊപ്പം അജുവർഗീസ്, ഹരീഷ് കണാരൻ, രഞ്ജി പണിക്കർ, രമേശ് പിഷാരടി, അപ്പാനി ശരത്, മണിയൻപിള്ള രാജു, മാല പാർവതി, രശ്മി ബോബൻ, സേതുലക്ഷ്മി തുടങ്ങിയ ഒരു വൻതാരനിര തന്നെ അണിനിരക്കുന്നു. അന്നാരാജനാണ് നായകൻ. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കാമറ: നീൽ ഡി കുഞ.
ജെ.ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റാണ് തിയേറ്ററിൽ എത്തിക്കുന്നത്.
ധ്യാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലവ് ആക്ഷൻ ഡ്രാമയിൽ നയൻതാരയാണ് നിവിൻപോളിയുടെ നായികയാകുന്നത്. അജുവർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് എം സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അജുവർഗീസും ദുർഗാകൃഷ്ണയുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതസംവിധാനം: ഷാൻ റഹ്മാൻ.