നിരവധി സൂപ്പർ ഹിറ്ര് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ടി.ദാമോദരന്റെ കൊച്ചുമകൾ മുക്ത ദീദി ചന്ദ് സംവിധായികയാകുന്നു. വയലറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് മുക്തയുടെ അമ്മ ദീദി ദാമോദരനാണ് .
പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയാണ് വയലറ്റ്സ് നിർമ്മിക്കുന്നത്.സീമ,സജിത മഠത്തിൽ ,പ്രിയങ്ക,സരസ ബാലുശ്ശേരി , അർച്ചന പത്മിനി,രാമു , കൈലാഷ്, രൺജി പണിക്കർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ഹരിഹരനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതെല്ലാം വനിതകളാണ്.ബീനാപോൾ എഡിറ്റിംഗും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും എ. ആർ. റഹ്മാന്റെ സഹോദരി ഫാത്തിമ റഫീഖ് ശേഖർ തീം മ്യൂസിക്കും പ്രശസ്ത നർത്തകി മല്ലിക സാരാഭായി നൃത്ത സംവിധാനവും നിർവഹിക്കുന്നു. ഗാനരചന കവിയത്രി വി.എം. ഗിരിജ , കലാസംവിധാനം ദുന്ദു , വസ്ത്രാലങ്കാരം ഡെബലീന ബേറ , മേക്കപ്പ് അഞ്ജലി നായർ.
നിരവധി ഹൃസ്വചിത്രങ്ങളുടെ സംവിധായികയാണ് മുക്ത.സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹധർമ്മിണിയെക്കുറിച്ച് ചെയ്ത സുനന്ദ എന്ന ഹൃസ്വ ചിത്രം തിരുവനന്തപുരം അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
കൊൽക്കത്തയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് സുനന്ദ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.