മോഹൻലാലിന്റെ ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ലൂസിഫർ തിയേറ്ററുകളിൽ എത്താൻ ഇനി പതിനെട്ടുദിവസങ്ങൾ കൂടി അവശേഷിക്കേ ചിത്രത്തെ വരവേല്ക്കാൻ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിപുലമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളാണ് ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകർ പ്ളാൻ ചെയ്തിരിക്കുന്നത്.
കേരളമൊട്ടുക്കും രാവിലെ ഏഴുമണിക്കാണ് ചിത്രത്തിന്റെ ആദ്യപ്രദർശനം ആരംഭിക്കുന്നത്. ഇതിനകം നൂറിലേറെ ഫാൻസ് ഷോകൾ ചിത്രത്തിനായി ചാർട്ട് ചെയ്ത് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. യുവ സൂപ്പർതാരം പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫർ കുടുംബപശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ.
മോഹൻലാൽ സ്റ്റീഫർ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനായി വേഷമിടുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, നന്ദു, ബാല, സാനിയ ഇയ്യപ്പൻ, ഷോൺറോമി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക.
ആദ്യദിനം തിരുവനന്തപുരത്ത് ന്യൂ 1, ശ്രീവിശാഖ്, കൃപ, കൈരളി, ഏരീസ് പ്ളക്സ്, എം.ഒ.ടി കാർണിവൽ, ഗ്രീൻ ഫീൽഡ് കാർണിവൽ, ആർടെക് കാർണിവൽ എന്നിവിടങ്ങളിലായി അമ്പതിലേറെ പ്രദർശനങ്ങൾ നടക്കും. റിലീസ് ദിവസം തലസ്ഥാനത്ത് മോഹൻലാലിന്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ന്യൂ 1, ശ്രീവിശാഖ് എന്നീ തിയേറ്ററുകളിൽ നിന്നും പൃഥ്വിരാജിന്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ കൃപയിൽ നിന്നുമാണ് ചിത്രം കാണുന്നത്.