ലണ്ടൻ: വിവാദങ്ങളിലേക്ക് പിറന്നു വീണ ഐസിസ് യുവതിയുടെ കുഞ്ഞ് നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.ബ്രിട്ടനിൽ നിന്ന് ഐസിസിലേക്കെത്തിയ ഷെമീമ ബീഗത്തിന്റെ കുഞ്ഞാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. അഭയാർത്ഥി ക്യാംപ് നടത്തിപ്പുകാരനായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് കുഞ്ഞിന്റെ മരണവിവരം സ്ഥിരീകരിച്ചത്. ഷെമീമയുടെ അഭിഭാഷകൻ കുഞ്ഞിന്റെ മരണ വിവരം ട്വിറ്ററീലൂടെ അറിയിക്കുകയായിരുന്നു.
നേരത്തേ സമാനമായ രീതിയിൽ ഇവർക്ക് ജനിച്ച രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു. മൂന്നാമത്തെ കുട്ടിയെയെങ്കിലും സുരക്ഷിതമായി പ്രസവിച്ച് വളർത്താനായി ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ ഷെമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കുകയായിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് യുവതിയുടെ പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമ പോരാട്ടത്തിലാണ് ഷെമീമ.
പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്ക് മടങ്ങിയെത്തണമെന്ന് പലപ്പോഴായി ആഗ്രഹം പ്രകടിപ്പിച്ചപ്പോഴെല്ലാം അതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനെ തുടർന്ന് അഭയാർത്ഥി ക്യാംപിൽ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമായി തന്നെ വളർത്തുമെന്നും ഐസിസിന്റെ പ്രവർത്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പതിനഞ്ചാം വയസിലാണ് ഇവർ ബ്രിട്ടനിൽ നിന്ന് തുർക്കി വഴി ഐസിസ് കേന്ദ്രത്തിൽ എത്തിപ്പെട്ടത്. തുടർന്ന് ഡച്ചുകാരനായ യുവാവിനെ വിവാഹം ചെയ്ത് അവിടെ താമസമാക്കി. ഭർത്താവ് ജയിലിലായതിനെ തുടർന്ന് ഇവർ അഭയാർത്ഥി ക്യാംപിലേക്ക് എത്തുകയായിരുന്നു. പത്തൊൻപതുകാരിയായ ഷെമീമ ബീഗം രണ്ടാഴ്ച മുൻപായിരുന്നു സിറിയയിലെ അഭയാർത്ഥി ക്യാംപിൽ കുഞ്ഞിന് ജന്മം നൽകിയത്. അഭയാർത്ഥി ക്യാംപിന് സമീപത്തെ ജയിലിൽ കഴിയുന്ന ഡച്ചുകാരനായ യാഗോ റീഡിക് എന്ന ഐസിസ് ഭീകരനാണ് കുഞ്ഞിന്റെ പിതാവ്.
കുഞ്ഞിന്റെ മരണ വിവരം ഇയാളെ അറിയിച്ചതായി ക്യാംപിന്റെ അധികൃതർ വ്യക്തമാക്കി. ഷെമീമയോടൊപ്പം സ്വന്തം നാട്ടിൽ തിരിച്ചെത്തി ജീവിക്കാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇയാളും മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.